ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പരിക്കിൽ നിന്ന് മുക്തനായി മൈതാനത്തേക്ക് തിരികെയെത്തുന്നു. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ ഫീൽഡിങ്ങിനിടെ കാൽമുട്ടിന് പരിക്കേറ്റ സഞ്ജു, കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൈഡ് ലൈനിൽ തുടരുകയായിരുന്നു. നേരത്തെ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അസോസിയേഷനിൽ സഞ്ജു ജോയിൻ ചെയ്തിരുന്നെങ്കിലും, പിന്നീട് കേരളത്തിലേക്ക് തിരിച്ച് തന്റെ പേഴ്സണൽ ഫിസിയോക്കൊപ്പമാണ് സഞ്ജു പരിശീലനം നടത്തി തന്റെ ഫിറ്റ്നസ് വീണ്ടെടുത്തത്.
ശേഷം, ഫിറ്റ്നസ് തെളിയിക്കുന്നതിനുള്ള ടെസ്റ്റുകൾക്ക് വിധേയനാകുന്നതിനു വേണ്ടി സഞ്ജു എൻസിഎയിൽ എത്തിയിരുന്നു. ഫിറ്റ്നസ് ടെസ്റ്റുകളിൽ താൻ വിജയിച്ചതായുള്ള സൂചന സഞ്ജു തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്. “എല്ലാം ശരിയായി, മുന്നോട്ട് പോകാൻ ഒരുങ്ങുന്നു,” എന്നാണ് എൻസിഎയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സഞ്ജു കുറിച്ചത്. ഇതിൽനിന്ന് താരം പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായി എന്നാണ് അർത്ഥമാകുന്നത്.

ശ്രീലങ്കക്കെതിരെ നടന്ന ഒന്നാം ടി20 മത്സരത്തിൽ പരിക്കേറ്റ സഞ്ജു സാംസണ്, പിന്നീട് പരമ്പരയിൽ നടന്ന രണ്ട് മത്സരങ്ങളിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയും, ഇപ്പോൾ പുരോഗമിക്കുന്ന ടി20 പരമ്പരയും സഞ്ജുവിന് നഷ്ടമായി. ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കാനിരിക്കുന്ന, ഏകദിന പരമ്പരയിലൂടെ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ടീമിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ, ഈ രഞ്ജി സീസണിലെ നിരവധി മത്സരങ്ങളും നഷ്ടമായിരുന്നു. ഒരുപക്ഷേ കേരളം നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുകയാണെങ്കിൽ, സഞ്ജുവിനെ കേരളത്തിനൊപ്പം കളിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ കേരളം നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായതോടെ, സഞ്ജുവിന് രഞ്ജി സീസൺ നഷ്ടമായിരിക്കുകയാണ്. എന്നിരുന്നാലും, ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏകദിന, ടി20 പരമ്പരകളിൽ സഞ്ജുവിന് ഇന്ത്യൻ ടീമിനൊപ്പം കളിക്കാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.