സിംബാബ്‌വെ പര്യടനം സഞ്ജുവിന്റെ അവസാന പരമ്പരയോ? ഈ രണ്ട് താരങ്ങൾ സഞ്ജുവിന് ഭീഷണി

ഓഗസ്റ്റ് 18-ന് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കാനിരിക്കുകയാണ്. താരതമ്യേനെ ചെറിയ ടീമായതിനാൽ തന്നെ സിംബാബ്‌വെക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി, കെഎൽ രാഹുലിന്റെ നേതൃത്വത്തിൽ യുവ താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ള ടീമിനെയാണ്‌ ഇന്ത്യ അയച്ചിരിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്.

വിക്കറ്റ് കീപ്പറായി സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കും എന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ, സിംബാബ്‌വെ പര്യടനം സഞ്ജുവിന്റെ ഇന്ത്യൻ ടീമിനൊപ്പമുള്ള അവസാന പരമ്പരയായി മാറാൻ സാധ്യതകൾ വളരെ കൂടുതലാണ്. നിലവിൽ ഏഷ്യ കപ്പ്‌ ടി20 ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല, വരുന്ന ടി20 ലോകകപ്പിലും സഞ്ജു കളിക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ സിംബാബ്‌വെ പര്യടനത്തിൽ തിളങ്ങിയാൽ മാത്രമേ സഞ്ജുവിന് ഇന്ത്യൻ ടീമിൽ നിലയുറപ്പിക്കാൻ സാധിക്കൂ.

രണ്ട് താരങ്ങളാണ് സഞ്ജുവിന്റെ സ്ഥാനത്തിനായി ഇപ്പോൾ ഭീഷണി ഉയർത്തുന്നത്. ഇന്ത്യയുടെ ടെസ്റ്റ്‌ ടീമിലെ സ്ഥിരാംഗമായ ശുഭ്മാൻ ഗില്ലിനെ ഇപ്പോൾ ഇന്ത്യ ഏകദിന ഫോർമാറ്റിലും സജീവമായി കളിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മികച്ച ടോപ് ഓർഡർ ബാറ്ററായ ഗിൽ, ഓപ്പണർ എന്നതിലുപരി മൂന്നാമനായിയും കളിക്കാൻ കഴിവുള്ള താരമാണ്. ഗില്ലിന്റെ സ്ഥിരതയാർന്ന പ്രകടനം സഞ്ജുവിന്റെ സ്ഥാനത്തിന് വലിയ വെല്ലുവിളിയാവും.

സമീപ കാലത്ത് മികച്ച ഫോമിൽ കളിക്കുന്ന ഓൾറൗണ്ടർ ദീപക് ഹൂഡയാണ്‌ സഞ്ജുവിന് ഭീഷണിയായ മറ്റൊരു താരം. ഓൾറൗണ്ടർ എന്ന ലേബൽ ദീപക് ഹൂഡക്ക് കൂടുതൽ ഗുണം ചെയ്യും. മാത്രമല്ല, ബാറ്റിംഗ് ലൈനപ്പിൽ ഏത് സ്ഥാനത്ത് വേണമെങ്കിലും ബാറ്റ് ചെയ്യാൻ കഴിവുള്ള ബാറ്റർ കൂടിയായ ദീപക് ഹൂഡ, ഇന്ത്യക്ക് മികച്ച മുതൽക്കൂട്ടാണ്. ഇന്ത്യക്ക് നിലവിൽ മികച്ച ടോപ് ഓർഡർ ബാറ്റർമാർ ഉള്ളതിനാൽ, ഹൂഡയെ മധ്യനിരയിൽ കളിപ്പിക്കാനാണ് സാധ്യത. ഇതും സഞ്ജുവിന് ഭീഷണിയാണ്.