സഞ്ജുവിനെ തിരികെ കൊണ്ടുവരൂ ; ആരാധകരുടെ മുറവിളി ഇനി സെലക്ടർമാർക്ക് കേൾക്കാതിരിക്കാൻ കഴിയില്ല

ടി20 ലോകകപ്പ് സെമി ഫൈനലിൽ മോശം പ്രകടനം കാഴ്ചവെച്ച് നാണംക്കെട്ടാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ പരാജയപ്പെട്ട് പുറത്തായത്. സൂപ്പർ 12 മത്സരങ്ങളിൽ ബൗളർമാർ ബേധപ്പെട്ട പ്രകടനം നടത്തിയിരുന്നെങ്കിലും, സെമി ഫൈനലിൽ ഇന്ത്യൻ ബൗളർമാർ ഇംഗ്ലീഷ് പടക്ക് മുന്നിൽ സമ്പൂർണ്ണ പരാജയം ആവുന്ന കാഴ്ച്ചയാണ് കണ്ടത്. ബാറ്റർമാരിൽ വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവർ ഒഴികെയുള്ളവരുടെ പ്രകടനം വളരെ മോശം.

പ്രധാനമായും പവർപ്ലേ ഓവറുകളിലെ ഓപ്പണർമാരുടെ മെല്ലെ പോക്ക് വലിയ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. കെഎൽ രാഹുലും രോഹിത് ശർമ്മയും ഏകദിന ഫോർമാറ്റിലെ ശൈലിയിലാണ് ടി20 ലോകകപ്പിൽ പവർ പ്ലേ ഓവറുകളെ സമീപിച്ചിരുന്നത് എന്നാണ് ആരാധകർ പരിഹസിക്കുന്നത്. പവർപ്ലേ ഓവറുകളിൽ ഓപ്പണർമാർ വലിയ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത്, ഓരോ മത്സരങ്ങളിലും ടീം ഇന്ത്യയുടെ ടോട്ടലിനെ കാര്യമായി ബാധിച്ചിരുന്നു.

ഇക്കാര്യത്തിൽ ടീം ഇന്ത്യയുടെ സെലക്ടർമാരും വിമർശനങ്ങൾക്ക് വിധേയരാണ്. നിലവിലെ ഫോമും ഫിറ്റ്നസും പരിഗണിക്കാതെ താരങ്ങളുടെ പേരും പ്രശസ്തിയും പരിഗണിച്ചാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് നേരത്തെ തന്നെ ആരാധകരുടെ ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ കെഎൽ രാഹുലിന്, തന്റെ ഫോം വീണ്ടെടുക്കാനുള്ള സമയം നൽകുന്നതിനു മുന്നേ ടി20 ലോകകപ്പിലേക്ക് ഉൾപ്പെടുത്തിയപ്പോൾ, അന്നേരം മികച്ച ഫോമിൽ കളിച്ചിരുന്ന സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവരെല്ലാം താഴെപ്പെടുകയായിരുന്നു.

ടീം ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ട്വിറ്ററിൽ ഹാഷ്ടാഗ് സഞ്ജു സാംസൺ ക്യാമ്പയിൻ ശ്രദ്ധേയമാവുകയാണ്. ഈ വർഷം 5 ഇന്നിങ്‌സില്‍ നിന്നും 44.75 ശരാശരിയില്‍ 158.40 സ്‌ട്രൈക്ക് റേറ്റില്‍ 179 റണ്‍സ് സഞ്ജു നേടിയിരുന്നു. എന്നിട്ടും സഞ്ജുവിനെ ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇപ്പോൾ ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്, സഞ്ജുവിനെ തിരികെ കൊണ്ടുവരൂ, ടീം ശക്തിപ്പെടുത്തു എന്ന ക്യാമ്പയിൻ ആണ്