ക്യാപ്റ്റൻ സഞ്ജു ‘ടെക്‌നിക്’ ; ഹരിയാനക്കെതിരെ സഞ്ജു ഒരുക്കിയ തന്ത്രങ്ങൾ

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ കേരള ടീമിനൊപ്പം ചേർന്നിരിക്കുകയാണ് സഞ്ജു സാംസൺ. കേരള ടീമിന്റെ ക്യാപ്റ്റനായ സഞ്ജു, കഴിഞ്ഞ ദിവസം ഹരിയാനക്കെതിരെ നടന്ന മത്സരത്തിൽ കളിക്കുകയും ചെയ്തു. 3 വിക്കറ്റിന് കേരളം ജയിച്ച മത്സരത്തിൽ ബാറ്റ് കൊണ്ട് സഞ്ജുവിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും, ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജു നടത്തിയ ബ്രില്ല്യന്റ് നീക്കങ്ങൾ ആണ് ശ്രദ്ധ ആകർഷിക്കുന്നത്.

മത്സരത്തിൽ ടോസ്‌ നേടിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് കേരളത്തിന്റെ ബൗളിംഗ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ, ടൂർണമെന്റിലെ സെൻസേഷൻ ആയ വൈശാഖ് ചന്ദ്രൻ എത്തും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഹരിയാന ബാറ്റർമാരും വൈശാഖ് ചന്ദ്രനെ പ്രതീക്ഷിച്ചിരുന്ന സമയത്താണ്, സഞ്ജു സാംസൺ ഒരു അപ്രതീക്ഷിത നീക്കം നടത്തിയത്.

കേരള ടീമിലെ പാർട്ട് ടൈം ബൗളർ ആയ അബ്ദുൽ ബാസിത്തിനെ ആണ് സഞ്ജു ആദ്യ ഓവർ ബോൾ ചെയ്യാൻ ഏൽപ്പിച്ചത്. ആദ്യ ഓവർ എറിയാൻ ഒരു ഓഫ്-ബ്രേക്ക്‌ ബൗളർ വരുമെന്ന് ഹരിയാന ബാറ്റർമാർ ചിന്തിച്ചുപോലുമുണ്ടായിരുന്നില്ല. മത്സരത്തിലെ ആദ്യ ബോളിൽ തന്നെ സഞ്ജുവിന്റെ നീക്കം ഫലം കണ്ടു. ഇന്നിംഗ്സിന്റെ ആദ്യ ബോളിൽ ഹരിയാന ഓപ്പണർ അങ്കിത് കുമാറിനെ (0) ഗോൾഡൻ ഡക്കിന് പുറത്താക്കി അബ്ദുൽ ബാസിത് സഞ്ജുവിന്റെ തീരുമാനം ശരിവെച്ചു.

കേരളത്തിന്റെ പ്രധാന ബൗളർമാരിൽ ഒരാളായ ബേസിൽ തമ്പി ഇന്നിംഗ്സിന്റെ 8-ാം ഓവറിൽ ആണ് ആദ്യമായി ബൗൾ ചെയ്യാൻ എത്തിയത്. മത്സരത്തിൽ ഹരിയാനയെ നിശ്ചിത ഓവറിൽ 131 റൺസിൽ ഒതുക്കിയത് കേരള ബൗളർമാരുടെ മിടുക്കും, സഞ്ജുവിന്റെ തീരുമാനങ്ങളും ആണ്. ബൗളിംഗ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിൽ സഞ്ജുവിന്റെ മികവ് നേരത്തേയും പ്രശംസകൾക്ക് അർഹമായിട്ടുണ്ട്.