നേട്ടങ്ങൾ എല്ലാം സഞ്ജു പോക്കെറ്റിൽ 😳😳ഇനി മുൻപിൽ തല ധോണി മാത്രം

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് പരാജയം ആയിരുന്നു ഫലം എങ്കിലും, മത്സരത്തിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കാഴ്ചവെച്ചത്. ആറാമനായി ക്രീസിൽ എത്തിയ സഞ്ജു, അർദ്ധ സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നിന്നു. ലഖ്നൗ ഏകദിനത്തിലെ പ്രകടനത്തോടെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും നിലവിലെ ഇന്ത്യൻ പരിശീലകനുമായ രാഹുൽ ദ്രാവിഡിനെ അടക്കം പിന്തള്ളി പുതിയ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.

മത്സരത്തിൽ, 86 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ 136.51 സ്ട്രൈക്ക് റേറ്റോടെ 86 റൺസ് ആണ് സഞ്ജു നേടിയത്. ഇതോടെ, ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആയി മാറിയിരിക്കുകയാണ് ഇത്. രാഹുൽ ദ്രാവിഡ്, ഋഷഭ് പന്ത് എന്നീ താരങ്ങളെ മറികടന്നാണ് സഞ്ജു ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

2002-ൽ ഡർബൻ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ രാഹുൽ ദ്രാവിഡ് 77 റൺസ് നേടിയിരുന്നു. ഈ വർഷം തുടക്കത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഋഷഭ് പന്ത് 85 റൺസും നേടിയിരുന്നു. ഈ രണ്ട് പ്രകടനങ്ങളെയും സഞ്ജു കഴിഞ്ഞ ദിവസം പുറത്തെടുത്ത തന്റെ ഉജ്ജ്വല പ്രകടനത്തിലൂടെ മറികടന്നിരിക്കുകയാണ്. ഈ പട്ടികയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായിരുന്ന എംഎസ് ധോണി മാത്രമാണ് ഇപ്പോൾ സഞ്ജുവിന് മുന്നിൽ ഉള്ളത്.

2015-ൽ ഇൻഡോർ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കെതിരെ എംഎസ് ധോണി 92 റൺസ് എടുത്തിരുന്നു. അതേസമയം, ലഭിച്ച അവസരം മുതലെടുക്കാൻ സാധിച്ച സഞ്ജുവിന് തുടർന്നുള്ള ഏകദിന മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. എന്നിരുന്നാലും, കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന്റെ ഒറ്റയാൾ പ്രകടനത്തിനും ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാൻ സാധിക്കാതിരുന്നത് നിരാശാജനകമായി.