ലോകേഷ് രാഹുൽ അല്ല സഞ്ജു സാംസൺ ഇന്ന് കളിക്കാനുണ്ടായിരുന്നേൽ : ആഗ്രഹവുമായി മുൻ പാക് താരം

ഏഷ്യ കപ്പ്‌ ടൂർണമെന്റിന് ഇന്നലെ തുടക്കമായിയെങ്കിലും, ഇന്നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരത്തെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്. മത്സരത്തിൽ, ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ആരൊക്കെ ഉൾപ്പെടും, എന്തൊക്കെയായിരിക്കും ഇന്ത്യയുടെ പുതിയ തന്ത്രങ്ങൾ എന്ന് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്.

എന്നാൽ, ഇതിനിടയിൽ വീണ്ടും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ എന്തുകൊണ്ട് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന ചർച്ച ഉയർന്നുവരികയാണ്. മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയയാണ്‌ ഇപ്പോൾ ഈ വിഷയം വീണ്ടും ആവർത്തിച്ചിരിക്കുന്നത്. കെഎൽ രാഹുലിന് പകരം താൻ സഞ്ജു സാംസണെയാണ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രതീക്ഷിച്ചതെന്ന് കനേരിയ പറഞ്ഞു.

“കെഎൽ രാഹുൽ പരിക്ക് മാറി ടീമിൽ തിരിച്ചെത്തി സിംബാബ്‌വെ പര്യടനം കളിച്ചു. തുടർന്ന് അദ്ദേഹത്തെ ഇപ്പോൾ ഏഷ്യ കപ്പ് ടീമിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു വലിയ പരിക്കിന്റെ പിടിയിൽ നിന്നാണ് രാഹുൽ ഇപ്പോൾ സുഖം പ്രാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സ്ട്രെസ് നൽകാതെ, അൽപ്പം കൂടി വിശ്രമം നൽകി വരുന്ന ടി20 ലോകകപ്പിലേക്ക് പൂർണ്ണമായി സജ്ജമാക്കേണ്ടതായിരുന്നു,” കനേരിയ പറഞ്ഞു.

“ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഞാൻ സഞ്ജുവിനെയാണ് പ്രതീക്ഷിച്ചത്. അദ്ദേഹം ഇപ്പോൾ രണ്ട് വൈറ്റ് ബോൾ ഫോർമാറ്റിലും അദ്ദേഹത്തിന്റെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. ഇന്ത്യയുടെ പരിശീലകനായ രാഹുൽ ദ്രാവിഡിന്, സഞ്ജുവിന്റെ കഴിവുകൾ ശരിക്കും അറിയാവുന്നതാണ്. പിന്നെ എന്തുകൊണ്ടാണ് സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സഞ്ജു വളരെ മികച്ച ഒരു കളിക്കാരൻ ആണ്. എന്നാൽ അദ്ദേഹത്തിനെ ടീമിൽ ഉൾപ്പെടുത്തിയും പുറത്തിരുത്തിയും അദ്ദേഹത്തിന്റെ കരിയർ നഷ്ടപ്പെടുത്തരുത്,” കനേരിയ പറഞ്ഞു.

Rate this post