കേരളത്തിലെ പിള്ളേർ ആറാടുകയാണ്!!! ബേസിൽ തമ്പി അളിയനും സഞ്ജു അണ്ണനും റെഡി

ഐപിഎൽ 2022 സീസണിൽ എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ ഉദ്ഘാടന മത്സരം പൂർത്തീകരിച്ചപ്പോൾ, രണ്ട് മലയാളി താരങ്ങൾക്കാണ് അവരവരുടെ ടീമുകളിൽ ആദ്യ ഇലവനിൽ ഇടം നേടാനായത്. അതിലൊന്ന്, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും മറ്റൊന്ന് മുംബൈ ഇന്ത്യൻസ് പേസർ ബേസിൽ തമ്പിയുമാണ്. ഇരുവർക്കും തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ തിളങ്ങാനായത് മലയാളികളെ സംബന്ധിച്ചിടത്തോളം ആവേശം പകരുന്നതാണ്.

രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിട്ടപ്പോൾ, റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ അർദ്ധസെഞ്ച്വറി നേടി ടീമിനെ മികച്ച ടോട്ടലിലേക്ക് നയിച്ചിരുന്നു. 27 പന്തിൽ 3 ഫോറും 5 സിക്സും സഹിതം 55 റൺസാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ റോയൽസ് 210 റൺസ് എന്ന വമ്പൻ ടോട്ടൽ കണ്ടെത്തുകയും, തുടർന്ന് 61 റൺസിന്റെ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

മറ്റൊരു മത്സരത്തിൽ, മുംബൈ ഇന്ത്യൻസിന്റെ സീസൺ ഓപ്പണറിൽ ജസ്‌പ്രീത് ബുംറക്കും ടൈമൽ മിൽസിനുമൊപ്പം മൂന്നാം പേസറായി ബേസിൽ തമ്പി ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനോട് മുംബൈ പരാജയപ്പെട്ടെങ്കിലും, ബുംറയും ഡാനിയേൽ സാംസുമുൾപ്പടെ വിക്കറ്റ് എടുക്കാൻ പരാജയപ്പെട്ടിടത്ത് ബേസിൽ തമ്പി 4 ഓവറിൽ 35 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയിരുന്നു. പ്രിത്വി ഷാ, റോവ്മാൻ പവൽ, ഷാർദുൽ താക്കൂർ എന്നിവരുടെ വിക്കറ്റുകളാണ് തമ്പി വീഴ്ത്തിയത്.

ഏപ്രിൽ 2 ശനിയാഴ്ച്ച ഐപിഎൽ 2022 സീസണിലെ 9-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും നേർക്കുനേർ വരികയാണ്. ഇതോടെ രണ്ട് മലയാളി താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന് കൂടിയാണ് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയം വേദിയാവുക. ഇപ്പോഴിതാ, “കേരളത്തിലെ പിള്ളേർ ആറാടുകയാണ്” എന്ന തലക്കെട്ടോടെ ബേസിൽ തമ്പിയുടെയും സഞ്ജുവിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത സഞ്ജു, “തമ്പി അളിയൻ” എന്ന് കുറിച്ചു.