സഞ്ജുവിന് ബിസിസിഐയുടെ സമ്മാനം!!സഞ്ജുവിന് വാനോളം പ്രതീക്ഷ നൽകി ബിസിസിഐ; ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ പ്രഖ്യാപനം നോക്കാം

സഞ്ജു സാംസൺ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇപ്പോൾ ബിസിസിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ബോർഡ് പുതിയതായി പ്രഖ്യാപിച്ച വാർഷിക കരാറിൽ കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടം നേടി. ഈ വർഷം ഇന്ത്യൻ ടീമിനായി കളിക്കാൻ സാധ്യതയുള്ള കളിക്കാരെയാണ് ബിസിസിഐ അവരുടെ വാർഷിക കരാറിൽ ഉൾപ്പെടുത്താറുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം സഞ്ജുവിന് ദേശീയ ടീമിൽ കൂടുതൽ അവസരം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രേഡ് എ പ്ലസ്, ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നിങ്ങനെയാണ് ബിസിസിഐ വാർഷിക കരാർ ലെവൽ വേർതിരിച്ചിരിക്കുന്നത്. ഇതിൽ ഗ്രേഡ് സി-യിൽ ആണ് സഞ്ജു സാംസൺ ഉൾപ്പെട്ടിരിക്കുന്നത്. വർഷം ഒരു കോടി രൂപയാണ് ഗ്രേഡ് സി കളിക്കാർക്ക് ലഭിക്കുക. സഞ്ജുവിന് ഒപ്പം ഗ്രേഡ് സി-യിൽ ഉമേഷ് യാദവ്, ശിഖർ ധവാൻ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ദീപക് ഹൂഡ, ശർദുൽ താക്കൂർ, ഇഷാൻ കിഷൻ, വാഷിംഗ്‌ടൺ സുന്ദർ, അർഷദീപ് സിംഗ്, കെഎസ് ഭരത് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

Sanju V Samson

ഏറ്റവും ഉയർന്ന ലെവൽ ആയ ഗ്രേഡ് എ പ്ലസിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇടം നേടിയിരിക്കുന്നത്. ഇവർക്ക് വർഷം 7 കോടി രൂപ വീതമാണ് ലഭിക്കുക. വർഷം അഞ്ച് കോടി രൂപ ലഭിക്കുന്ന ഗ്രേഡ് എ-യിൽ ആർ അശ്വിൻ, മുഹമ്മദ്‌ ഷാമി, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവർ ഉൾപ്പെട്ടിരിക്കുന്നു. ഹാർദിക് പാണ്ഡ്യ ആണ് ഗ്രേഡ് എ-യിൽ ആദ്യമായി ഉൾപ്പെട്ടിട്ടുള്ള താരം.

ചേതശ്വർ പൂജാര, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ ഗ്രേഡ് ബി-യിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ കാറ്റഗറിയിൽ ഉൾപ്പെട്ട എല്ലാവർക്കും വാർഷിക പ്രതിഫലമായി മൂന്ന് കോടി രൂപ വീതമാണ് ലഭിക്കുക. എന്നുതന്നെയായാലും സഞ്ജു സാംസൺ ബിസിസിഐയുടെ വാർഷിക കരാറിൽ ഉൾപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ ലോകകപ്പ് കളിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

Rate this post