ഇന്ത്യൻ ജേഴ്സി അണിഞ്ഞ സഞ്ജുവിന്റെ മനോഹര പടം!! അടിപൊളി സഞ്ജു പടം വരയ്ക്കുന്ന വീഡിയോയുമായി രാജസ്ഥാൻ റോയൽസ്

ഇന്ത്യയെമ്പാടും ധാരാളം ആരാധകരുള്ള മലയാളി ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ദേശീയ ടീമിനായി അധിക മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിൽ പോലും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ മിന്നും താരവും ശേഷം നായകനുമായതോടെയാണ് നോർത്ത് ഇന്ത്യയിൽ നിന്നും സഞ്ജുവിന് ധാരാളം ആരാധകരെ ലഭിച്ചത്. ആരംഭിക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയായ ടി20 പരമ്പരയിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞപ്പോൾ, മലയാളി ക്രിക്കറ്റ് ആരാധകർ മാത്രമല്ല അതിനെതിരെ രംഗത്ത് വന്നത് എന്നത് സഞ്ജുവിന്റെ വലിയ ഫാൻ ബേസിന്റെ ഉദാഹരണമാണ്.

ഇപ്പോൾ, സഞ്ജു ആരാധകർക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രാജസ്ഥാൻ റോയൽസ് ആണ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഈ വീഡിയോ പങ്കുവെച്ചത്. ഒരു വലിയ ചുവരിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞ സഞ്ജുവിന്റെ മനോഹരമായ ചിത്രം രണ്ടുപേർ ചേർന്ന് വരയ്ക്കുന്നതിന്റെ വീഡിയോ ആണ് രാജസ്ഥാൻ പങ്കുവെച്ചത്.

ചിത്രം ആരാണ് വരയ്ക്കുന്നത് എന്നൊ, എവിടെ വെച്ചാണ് വരക്കുന്നത് എന്നോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, രാജസ്ഥാൻ റോയൽസ് പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സഞ്ജുവിന്റെ ആരാധക പിന്തുണ എല്ലാവരും കാണട്ടെ എന്ന് പറഞ്ഞാണ് ആരാധകർ ഈ വീഡിയോ പങ്കുവെക്കുന്നത്.

അടുത്തമാസം ആരംഭിക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായ സഞ്ജു സാംസൺ ഇപ്പോൾ വെസ്റ്റ് ഇൻഡീസിൽ ആണ്. ജൂലൈ 22, 24, 27 എന്നീ തീയതികളിൽ ആയാണ് മൂന്ന് ഏകദിന മത്സരങ്ങൾ നടക്കുക. വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജുവിന് പ്ലെയിംഗ് ഇലവനിൽ അവസരം ലഭിക്കുകയും സഞ്ജു മികച്ച രീതിയിൽ പ്രകടനം നടത്തുകയും ചെയ്യണം എന്നാണ് ആരാധകരുടെ ആഗ്രഹം.