സഞ്ജു സാംസൺ യുവാക്കളെ പിന്തുണക്കുന്ന ക്യാപ്റ്റനാണ് ; സഞ്ജുവിനെ കുറിച്ച് മുൻ രാജസ്ഥാൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിലൂടെ ശ്രദ്ധേയനായ യുവതാരമാണ് ഇടങ്കയ്യൻ പേസർ ചേതൻ സക്കറിയ. ഇപ്പോൾ, ഐ‌പി‌എൽ മെഗാ ലേലത്തിന് ദിവസങ്ങൾ മാത്രം ഭാക്കി നിൽക്കെ, തനിക്ക് എംഎസ് ധോണിക്ക്‌ കീഴിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കാൻ ആഗ്രഹമുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവതാരം. സിഎസ്‌കെ ക്യാപ്റ്റനെ പ്രശംസിച്ച സക്കറിയ, ധോണിയുടെ കീഴിൽ കളിച്ചാൽ തന്റെ കളി മെച്ചപ്പെടുമെന്ന് കണക്കുകൂട്ടുന്നു.

“കഴിഞ്ഞ ഐപിഎൽ ലേലം എന്റെ ജീവിതം മാറ്റിമറിച്ചു. എംഎസ് ധോണിക്ക് കീഴിൽ കളിക്കുക എന്നതാണ് എന്റെ അടുത്ത സ്വപ്നം. നിരവധി ബൗളർമാരെ വളർത്തിയെടുക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശത്തിൽ കളിക്കാൻ കഴിഞ്ഞാൽ, അത് എന്റെ ഗെയിമിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ സഹായകമാകും. ധോണി ഏതൊരു ബൗളറുടെയും സ്വപ്‌നമാണ്, അദ്ദേഹത്തിന് കീഴിൽ കളിക്കുന്നതും പഠിക്കുന്നതും അതിശയകരമാണ്. എനിക്ക് അവസരം ലഭിച്ചാൽ അദ്ദേഹത്തിന് കീഴിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഞാൻ ഏത് ടീമിലേക്ക് പോയാലും എന്റെ ഏറ്റവും മികച്ചത് ഞാൻ നൽകും,” സക്കറിയ ന്യൂസ് 9 നോട് പറഞ്ഞു.

എന്നാൽ, സഞ്ജു സാംസണെ കുറിച്ച് ചോദിച്ചപ്പോൾ, സഞ്ജു യുവാക്കളെ പിന്തുണയ്ക്കുന്ന ക്യാപ്റ്റനാണ് എന്ന് സക്കറിയ പറഞ്ഞു. തന്റെ കരിയറിന്റെ തുടക്കത്തിൽ ഏറെ സമ്മർദങ്ങൾ ഉണ്ടായിരുന്നു എന്ന് സക്കറിയ പറയുന്നു.എന്നാൽ, ടീമിന്റെ സമ്മർദങ്ങൾ താൻ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ സഞ്ജു സാംസൺ, തന്നോട് സ്വാതന്ത്രമായി ഇഷ്ടമുള്ള രീതിയിൽ പന്തെറിയാൻ പറഞ്ഞു എന്നും സക്കറിയ കൂട്ടിച്ചേർത്തു.

“സഞ്ജു (സാംസൺ) യുവാക്കളെ വളരെയധികം പിന്തുണയ്ക്കുന്ന ക്യാപ്റ്റനാണെന്ന് ഞാൻ പറയും. ഞങ്ങൾക്ക് അധിക സമ്മർദ്ദം വരാൻ സഞ്ജു അനുവദിക്കില്ല. ഞാൻ അരങ്ങേറ്റം കുറിക്കുന്ന സമയത്ത്, എനിക്ക് ഒരുപാട് സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ ആ സമ്മർദം സ്വയം ഏറ്റെടുത്ത് എന്നോട് സ്വതന്ത്രമായി പന്തെറിയാൻ സഞ്ജു പറഞ്ഞു,” സക്കറിയ പറഞ്ഞു.