സഞ്ജുവിന് ഇനി അവസരങ്ങൾ പെരുമഴ കാലം 😱തുറന്ന് പറഞ്ഞ് ചീഫ് സെലക്ടർ

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരയ്കൾക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച (ഫെബ്രുവരി 19) ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ടീമിൽ വലിയ ആശ്ചര്യങ്ങളൊന്നും ഉണ്ടായില്ലെങ്കിലും, ടെസ്റ്റ് ടീമിൽ നിന്ന് 4 മുതിർന്ന കളിക്കാരെ ഒഴിവാക്കിയ ബിസിസിഐ നീക്കം ശ്രദ്ധേയമായി. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി അൺക്യാപ്ഡ് സ്പിന്നർ സൗരഭ് കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021-ലെ ശ്രീലങ്കൻ പര്യടനത്തിന് ശേഷം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചു വിളിച്ചത് മാത്രമാണ് ടി20 ടീം പ്രഖ്യാപനത്തിലെ ശ്രദ്ധേയ വിഷയം. ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ച ഋഷഭ് പന്തിന് പകരമാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സഞ്ജുവിനെ ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആയിട്ടല്ല പരിഗണിക്കുന്നതെന്നും, ഇഷാൻ കിഷന്റെ ബാക്കപ്പ് കീപ്പർ ആയിട്ടാവും പരിഗണിക്കുക എന്നും ചീഫ് സെലക്ടർ ചേതൻ ശർമ്മ പറഞ്ഞു.

മാത്രമല്ല, ടീമിനെ ഒരുക്കുന്നത് 2022 ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിയുള്ള സ്കീമിലാണെന്ന് ചീഫ് സെലക്ടർ ചേതൻ ശർമ്മ പറഞ്ഞതിൽ നിന്ന്, ശ്രീലങ്കൻ പരമ്പരയ്ക്കുള്ള സാംസണിന്റെ തിരിച്ചുവരവ് ഭാവിയിലേക്കുള്ള ശുഭപ്രതീക്ഷയും നൽകുന്നുണ്ട്. “സഞ്ജു, നമ്മുടെ സ്കീമിലുണ്ട്. ഏറ്റവും പ്രധാനമായി, ഓസ്‌ട്രേലിയൻ വിക്കറ്റുകളിൽ ഉപയോഗപ്രദമാകുന്ന ഒരു വിക്കറ്റ് കീപ്പർ ആരാണെന്ന് നമ്മൾ കണ്ടെത്തേണ്ടതുണ്ട്. [ഈ വർഷാവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്] അയാൾ നമ്മുടെ പരിഗണനയിൽ ഉണ്ട്,” ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശർമ്മ പറഞ്ഞു.

2019-ൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം സാംസൺ ടീമിന് അകത്തും പുറത്തുമായി തുടരുകയാണ്. 2020/21 സീസണിൽ അദ്ദേഹത്തെ ഒഴിവാക്കുകയും 2021-ലെ ശ്രീലങ്കൻ പര്യടനത്തിനായി ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഐപിഎൽ 2021-ൽ രാജസ്ഥാൻ റോയൽസിനായി 136.72 സ്ട്രൈക്ക് റേറ്റിൽ 484 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു