വില്യംസണെ പിടികൂടാൻ സഞ്ജു പറന്നു ; ഒടുവിൽ അമ്പയറുടെ തീരുമാനം വിവാദം

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ്‌ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഉൾപ്പടെയുള്ള മുൻനിര ബാറ്റർമാർ കാര്യമായ സംഭാവനകൾ ചെയ്യാതെ കൂടാരം കയറിയതോടെ, വലിയ ബാറ്റിംഗ് തകർച്ചയാണ് എസ്ആർഎച്ച് നേരിടുന്നത്.

രാജസ്ഥാൻ റോയൽസ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് ക്യാപ്റ്റൻ വില്യംസണും അഭിഷേക് ശർമ്മയുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, ഇന്നിംഗ്സിലെ രണ്ടാം ഓവർ എറിയാനെത്തിയ പ്രസിദ് കൃഷ്ണ 7 പന്തിൽ 2 റൺസ് എടിത്തുനിന്നിരുന്ന വില്യംസണെ മടക്കിയത്. പ്രസിദ് കൃഷ്ണയുടെ ബോൾ ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച വില്യംസണ് പിഴച്ചതോടെ, ബാറ്റിൽ എഡ്ജ് ചെയ്ത ബോൾ സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന ദേവ്ദത്ത് പടിക്കലിന്റെ കൈകളിൽ അകപ്പെടുകയായിരുന്നു.എന്നാൽ, സൺറൈസേഴ്സ് ക്യാപ്റ്റന്റെ പുറത്തകലിലേക്ക് നയിച്ച ക്യാച്ച് വലിയ ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ്.

വില്യംസണിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത ബോൾ, ഒറ്റക്കയ്യിൽ ക്യാച്ച് എടുക്കാൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഡൈവ് ചെയ്തെങ്കിലും, സഞ്ജുവിന്റെ കയ്യിൽ തട്ടി പന്ത് തെറിക്കുകയായിരുന്നു, അതോടെ ഫസ്റ്റ് സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന പടിക്കൽ മുന്നോട്ട് കുതിക്കുകയും പന്ത് കൈകളിൽ ഒതുക്കുകയും ചെയ്തു.

എന്നാൽ, പടിക്കൽ ക്യാച്ച് എടുക്കുന്നതിന് മുന്നേ പന്ത് നിലത്ത് പിച്ച് ചെയ്തിരുന്നോ എന്ന സംശയം ഉയർന്നതിനാൽ, ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടുകയായിരുന്നു. ക്യാച്ച് എല്ലാ കോണുകളിൽ നിന്നും പരിശോധിച്ച ശേഷം, തേർഡ് അമ്പയർ ഔട്ട്‌ വിളിക്കുകയും ചെയ്തു. എന്നിരുന്നാലും, റിപ്ലൈ ദൃശ്യങ്ങളിൽ പന്ത് നിലത്ത് പിച്ച് ചെയ്തത് വ്യകതമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് ആരാധകരും തേർഡ് അമ്പയറുടെ തീരുമാനത്തിൽ അതൃപ്തരാണ്.