ലോകത്തെ ഏത് സ്റ്റേഡിയമായാലും സഞ്ജു സാംസൺ തകർത്തടിക്കും ; സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ

ചൊവ്വാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പൂനെയിലെ എംസിഎ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ്, ബാറ്റിംഗിലും ബൗളിംഗിലും പൂർണ്ണ ആധിപത്യം സ്ഥാപിച്ച് വമ്പൻ വിജയം നേടിയതോടെ, സീസണിൽ എല്ലാ ഫ്രാഞ്ചൈസികളുടെയും ഓരോ മത്സരം അവസാനിക്കുമ്പോൾ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്തെത്തിയിരിക്കുകയാണ്.

എസ്‌ആർ‌എച്ചിനെതിരെ 61 റൺസിന്റെ വിജയം നേടിയതിന് പിന്നാലെ, +3.050 എന്ന നെറ്റ് റൺ റേറ്റ് ലഭിച്ചതോടെയാണ് റോയൽസ് ഒന്നാമത്തെത്തിയിരിക്കുന്നത്. എസ്‌ആർ‌എച്ചിനെതിരെ നടന്ന മത്സരത്തിൽ നായകൻ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് റോയൽസ് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ 210/6 എന്ന ടോട്ടൽ കണ്ടെത്തിയപ്പോൾ, ക്യാപ്റ്റൻ സഞ്ജു സാംസൺ 27 പന്തിൽ 55 റൺസ് നേടി. 3 ഫോറും 5 സിക്സും സഹിതം 203.70 സ്ട്രൈക്ക് റേറ്റോടെയായിരുന്നു സഞ്ജുവിന്റെ അർദ്ധസെഞ്ച്വറി നേട്ടം.

sanju3

സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ, മുൻ ടീം ഇന്ത്യയുടെ ഹെഡ് കോച്ച് രവി ശാസ്ത്രി മലയാളി താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. “ഒരിക്കൽ കൂടി സഞ്ജു സാംസൺ മനോഹരമായി ബാറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷൻ വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു. വിക്കറ്റിന്റെ ഗതി മനസ്സിലാക്കി, അവൻ ബൗണ്ടറികൾക്കായി ശ്രമിച്ചു. ഡെലിവറികളുടെ വേഗത ഉപയോഗിച്ച് അവൻ പന്തിനെ ബൗണ്ടറി ലൈൻ കടത്തി. ലോകത്തിലെ ഏത് ഗ്രൗണ്ടിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യാനുള്ള ശക്തി അവന് ലഭിച്ചു,” ശാസ്ത്രി പറഞ്ഞു.

“പൂനെയിൽ ബാറ്റ് ചെയ്യുന്നത് സഞ്ജുവിന് ഇഷ്ടമാണ്, നേരത്തെ ഇവിടെ ഐപിഎല്ലിൽ അവൻ സെഞ്ച്വറി നേടിയിരുന്നു. ഇന്നും, അവൻ മികച്ച രീതിയിൽ കാണപ്പെട്ടു, 5 ഓവർ കൂടെ അവൻ ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ, ഒരുപക്ഷേ ആർആർ 230 റൺസ് സ്കോർ ചെയ്‌തേനെ. ആവശ്യമായ ആക്രമണോത്സുകത അദ്ദേഹം കാണിച്ചു, ദേവദത്ത് പടിക്കലുമായി മികച്ച കൂട്ടുകെട്ടും സൃഷ്ടിച്ചു,” മുൻ ടീം ഇന്ത്യ കോച്ച് പറഞ്ഞു.