സിക്സ് അടിച്ച് സഞ്ജു ; ഒടുവിൽ മടക്കം നിരാശയോടെ ;video

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന മത്സരത്തിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ നിരാശപ്പെടുത്തി. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ ശിഖർ ധവാനും (97), ശുഭ്മാൻ ഗില്ലും (64) മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന്, മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ്‌ അയ്യരും (54) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി.

ശ്രേയസ് അയ്യർ പുറത്തായതിന് പിന്നാലെ അഞ്ചാമനായി ക്രീസിൽ എത്തിയ സഞ്ജു, സൂര്യകുമാർ യാദവിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും, അകീൽ ഹോസൈന്റെ ബോളിൽ ബോൾഡായി സൂര്യകുമാർ യാദവ് (13) മടങ്ങി. ശേഷം, ഓൾറൗണ്ടർ ദീപക് ഹൂഡ ക്രീസിൽ എത്തിയപ്പോൾ, ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഒരിക്കൽ കൂടി ഒരു സഞ്ജു – ഹൂഡ കൂട്ടുകെട്ട് ആഗ്രഹിച്ചു.

നേരിട്ട ആദ്യ ബോൾ തന്നെ സിക്സ് പറത്തിയായിരുന്നു സഞ്ജുവിന്റെ തുടക്കം. എന്നാൽ, പിന്നീട് സഞ്ജുവിൽ നിന്ന് ആ ആക്രമണ ശൈലി കണ്ടില്ല. ഒടുവിൽ 18 പന്തിൽ നിന്ന് 12 റൺസെടുത്ത സഞ്ജുവിനെ റൊമാരിയോ ഷെഫാർഡ് വിക്കറ്റിന് മുന്നിൽ കുടുക്കി. എൽബിഡബ്ല്യു വിക്കറ്റിൽ കുടുങ്ങി സഞ്ജു മടങ്ങിയതോടെ, സഞ്ജുവിന്റെ തകർപ്പൻ ബാറ്റിംഗ് കാണാൻ കാത്തിരുന്ന ആരാധകർ നിരാശരായി.