രണ്ട് ഓംലറ്റ് കൊണ്ട് തന്നെ മതിയായി!! സ്വയം ട്രോളി രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ

ഐപിഎൽ 2023-ൽ മികച്ച പ്രകടനം ആണ് രാജസ്ഥാൻ റോയൽസ് നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്, ഒരു ബാറ്റർ എന്ന നിലയിൽ ഈ സീസണിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹത്തിന് റൺ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അർദ്ധ സെഞ്ചുറി നേടിയ സഞ്ജു, പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാൽ, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നിവർക്കെതിരായ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസൺ പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇപ്പോൾ പുരോഗമിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുന്നോടിയായി സഞ്ജു തന്റെ മോശം ഫോം പരാമർശിച്ചുകൊണ്ട് സ്വയം ട്രോളിയത് ശ്രദ്ധേയമായി. ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് സഞ്ജു തന്റെ മോശം ബാറ്റിംഗ് പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചത്. രണ്ട് മുട്ട കൊണ്ട് ഉണ്ടായ ഓംലറ്റ് തനിക്ക് മതിയായി എന്നും, ഇന്ന് അൽപ്പം റൺസ് നേടണം എന്നുമാണ് സഞ്ജു സാംസൺ പ്രതികരിച്ചത്. സഞ്ജുവിന്റെ മോശം ബാറ്റിംഗ് അവസ്ഥയെ, നേരത്തെ രാജസ്ഥാൻ റോയൽസിലെ അദ്ദേഹത്തിന്റെ സഹതാരമായ രവിചന്ദ്ര അശ്വിനും ട്രോളിയിരുന്നു. അതേസമയം തന്നെ, ഇന്ത്യൻ ടീമിൽ വലിയ ഭാവി പ്രതീക്ഷിക്കുന്ന സഞ്ജുവിന്റെ ഈ പ്രകടനത്തെ ക്രിക്കറ്റ് വിദഗ്ധർ വളരെ വിശദമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു

Rate this post