
എനിക്ക് ഈ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല; മത്സരശേഷം സഞ്ജു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു
യശസ്വി ജയിസ്വാൾ എന്ന 21-കാരന്റെ ഒറ്റയാൾ പ്രകടനത്തിനാണ് കഴിഞ്ഞ രാത്രി ഈഡൻ ഗാർഡൻസ് സാക്ഷിയായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 150 റൺസിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നിലേക്ക് വെച്ചത്. റോയൽസിന്റെ ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 26 റൺസ് നേടിക്കൊണ്ട് താൻ ഒരു അത്ഭുതം നടത്താൻ ഒരുങ്ങുകയാണ് എന്നതിന്റെ സൂചന ജയിസ്വാൾ നൽകിയിരുന്നു.
ജയിസ്വാളിന്റെ ഈ പ്രകടനം മുൻകൂട്ടി കണ്ടത് കൊണ്ട് തന്നെയാകണം, ജയിസ്വാളിന്റെ വിക്കറ്റ് നഷ്ടമായേക്കാവുന്ന ഒരു സാഹചര്യം രണ്ടാമത്തെ ഓവറിൽ വന്നപ്പോൾ, തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞ് ജോസ് ബറ്റ്ലർ ജയിസ്വാളിന് ക്രീസിൽ തന്നെ തുടരാൻ അവസരം നൽകിയത്. ശേഷം എത്തിയ സഞ്ജു സാംസൺ, 29 പന്തിൽ 2 ഫോറും 5 സിക്സും ഉൾപ്പടെ 48 റൺസ് എടുത്ത് പുറത്താകാതെ നിന്നെങ്കിലും, അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനു പകരം ജയിസ്വാളിന്റെ ബാറ്റിംഗ് ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇക്കാര്യം മത്സരശേഷം സഞ്ജു പറയുകയും ചെയ്തു. “എനിക്ക് ഈ മത്സരത്തിൽ കൂടുതൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഞാൻ ജയിസ്വാളിന്റെ ബാറ്റിംഗ് ആസ്വദിച്ച് നിന്ന് കാണുകയായിരുന്നു,” സഞ്ജു സാംസൺ പറഞ്ഞു. ബറ്റ്ലർ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും സഞ്ജു പരാമർശിക്കുകയുണ്ടായി. “ബറ്റ്ലറെ പോലെ ഒരു ഇതിഹാസ താരം ജയിസ്വാളിന് വേണ്ടി തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിൽ ഞങ്ങളുടെ ടീമിന്റെ മെന്റാലിറ്റി നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ,” സഞ്ജു പറഞ്ഞു.
മത്സരത്തിൽ 47 പന്തിൽ 13 ഫോറും 5 സിക്സും സഹിതം, 208.51 സ്ട്രൈക്ക് റേറ്റോടെ 98* റൺസ് നേടിയ ജയിസ്വാൾ പുറത്താകാതെ വിജയം വരെ ക്രീസിൽ തുടരുകയായിരുന്നു. 13.1 ഓവറിലാണ് രാജസ്ഥാൻ റോയൽസ് വിജയലക്ഷ്യം മറികടന്നത്. എന്നിരുന്നാലും, 12 കളികളിൽനിന്ന് 12 പോയിന്റ് ഉള്ള രാജസ്ഥാൻ റോയൽസ് നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അതിനാൽ തന്നെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളും റോയൽസിന് നിർണായകം തന്നെയാണ്.