2020ന് ശേഷം റൺസിൽ കോഹ്ലിക്കും മുകളിൽ : സഞ്ജുവിന്റെ നേട്ടങ്ങൾ തിരിച്ചറിയാതെ മുൻ താരങ്ങൾ
ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിരവധി യുവതാരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിൽ ഒരാളാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. 2013-ൽ രാജസ്ഥാൻ ടീമിനൊപ്പം തന്റെ ഐപിഎൽ കരിയർ ആരംഭിച്ച സഞ്ജു, കഴിഞ്ഞ 9 വർഷമായി തന്റെ ബാറ്റിംഗ് പ്രകടനത്തിലൂടെ എല്ലാവരേയും ആകർഷിച്ചു, ഇന്ന് അദ്ദേഹം പ്രഥമ ഐപിഎൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ 13 വർഷത്തിന് ശേഷം വീണ്ടുമൊരു കിരീടത്തിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്തം തോളിലേറ്റി, ആ ലക്ഷ്യത്തിലേക്ക് ടീമിനെ നയിച്ചുക്കൊണ്ടിരിക്കുന്ന നായകനാണ്.
കഴിഞ്ഞ വർഷം ആദ്യമായി രാജസ്ഥാന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, പഴയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വളരെ ശ്രദ്ധയോടെയാണ് ഇത്തവണ ഓരോ ചുവടും വെച്ചത്, അതിന്റെ ഫലമായി കഴിഞ്ഞ വർഷം 14 മത്സരങ്ങളിൽ നിന്ന് 5 വിജയങ്ങൾ മാത്രമാണ് രാജസ്ഥാൻ നേടാൻ സാധിച്ചതെങ്കിൽ, അതേ സമയം, നിലവിലെ സീസണിൽ 13 മത്സരങ്ങളിൽ 8 എണ്ണവും വിജയിച്ച്, രാജസ്ഥാൻ ടീം പ്ലേഓഫിലേക്ക് അടുത്ത് നിൽക്കുകയാണ്. മാത്രമല്ല, ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 153.41 സ്‌ട്രൈക്ക് റേറ്റിൽ 359 റൺസും സഞ്ജു നേടിയിട്ടുണ്ട്. ഇതിൽ രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു.

ക്യാപ്റ്റൻസിയിൽ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ പക്വതയോടാണ് സഞ്ജുവിനെ മുൻ ഇന്ത്യൻ താരം ഹർഷ ഭോഗ്ലെ താരതമ്യം ചെയ്തത്. കാരണം രണ്ട് കളിക്കാരും അവരുടെ ശാന്തവും ലളിതവുമായ വ്യക്തിത്വത്തിന് പേരുകേട്ടവരാണ് എന്നാണ് ഭോഗ്ലെ പറയുന്നത്. മോശം അമ്പയറിംഗ് സംഭവിക്കുമ്പോൾ ചിരിച്ചുക്കൊണ്ട് അതിനെ അഭിമുഖീകരിക്കുന്ന സഞ്ജു, സഹകളിക്കാരുടെ മനോവീര്യം ഉയർത്തുന്നതിലും മുന്നിലാണ് എന്ന് ഹർഷ ഭോഗ്ലെ പറഞ്ഞു.
യുവതാരങ്ങളിൽ പരീക്ഷണത്തിനും വിശ്വാസത്തിനും സന്നദ്ധത കാണിക്കുന്ന ക്യാപ്റ്റൻ കൂടിയാണ് സഞ്ജു. സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ രാജസ്ഥാൻ ടീം നിലവിലെ സീസണിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, ഫലം എന്തായാലും സഞ്ജു തന്റെ പരീക്ഷണങ്ങളിൽ നിന്ന് പിന്മാറിയില്ല. കുൽദീപ് സെന്നിനെയും റിയാൻ പരാഗിനെയും പോലുള്ള പുതിയ യുവ താരങ്ങൾക്കും സഞ്ജു മതിയായ അവസരം നൽകി. നിസ്വാർത്ഥതയോടും സത്യസന്ധതയോടും കൂടി കളിക്കുന്ന സഞ്ജു, വ്യക്തിഗത പ്രകടനത്തിലും ശ്രദ്ധ പുലർത്തുന്നുണ്ട്.
2020-ന് ശേഷം, ടി20 ക്രിക്കറ്റിന്റെ റൺ ചാർട്ടിൽ സാംസൺ മൂന്നാം സ്ഥാനത്ത് തുടരുന്നു. 38 ഇന്നിംഗ്‌സുകളിൽ നിന്ന് 147.87 സ്‌ട്രൈക്ക് റേറ്റിൽ 1251 റൺസുമായി ബാറ്റിംഗ് ലൈനപ്പിലെ 3-ാം നമ്പർ ബാറ്റർമാരിൽ ടോപ് സ്‌കോററുമാണ്. ഇതിൽ 10 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഈ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. ഈ സീസണിൽ രാജസ്ഥാൻ റോയൽസ് കിരീടം ഉയർത്തുകയാണെങ്കിൽ തീർച്ചയായും സഞ്ജു സാംസണ് തന്നെ റോയൽസ് ആരാധകർ ആദ്യം കയ്യടിക്കും.