എന്താ സഞ്ജു കറുപ്പ് 😵‍💫പ്രതിഷേധമാണോ ബിസിസിഐക്ക് മുൻപിൽ!!!ചോദ്യവുമായി ആരാധകർ

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ വീണ്ടും ദേശീയ സെലക്ടർമാർ തഴഞ്ഞതിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ രോക്ഷമാണ് അണപൊട്ടി കൊണ്ടിരിക്കുന്നത്. ഈ വർഷം ആദ്യം നടന്ന ശ്രീലങ്കക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ സഞ്ജു, കഠിനമായ പ്രയത്നത്തിലൂടെ ആണ് അതിവേഗം ഫിറ്റ്നസ് വീണ്ടെടുത്തത്. ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയായ, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കാം എന്ന ആഗ്രഹത്താൽ കൂടിയാണ് സഞ്ജു കഠിന പരിശീലനത്തിൽ ഏർപ്പെട്ട് വളരെ വേഗത്തിൽ ഫിറ്റ്നസ് വീണ്ടെടുത്തത്.

എന്നാൽ, അടുത്തിടെ ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ, 60-ന് മുകളിൽ ബാറ്റിംഗ് ശരാശരിയുള്ള സഞ്ജുവിനെ തഴയുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം, സമീപകാലത്ത് ഏകദിന ഫോർമാറ്റിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന നിരവധി കളിക്കാരെ, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിലും ഉൾപ്പെടുത്തിയതായി കാണാൻ സാധിച്ചു. ഇതോടെ, ദേശീയ ക്രിക്കറ്റിലെ ഫേവറിറ്റിസം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.

ഈ ചർച്ചകൾക്കിടെ, കഴിഞ്ഞ ദിവസം സഞ്ജു സാംസൺ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. കറുപ്പ് ഷർട്ട്, പാന്റ്സ്, ഷൂസ് എന്നിവ അണിഞ്ഞു കൊണ്ട് നിൽക്കുന്ന ഒരു ചിത്രമാണ് സഞ്ജു പങ്കുവെച്ചത്. നേരത്തെയും കറുപ്പ് ധരിച്ചുള്ള ചിത്രങ്ങൾ സഞ്ജു പങ്കുവെച്ചിരുന്നെങ്കിലും, മുഴുവൻ കറുപ്പ് അണിഞ്ഞുള്ള ചിത്രം ഇത് ആദ്യമായിയാണ്. ഇതോടെ, കറുപ്പ് നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് സഞ്ജു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയതാണെന്ന് ഒരു വിഭാഗം ആരാധകർ കരുതുന്നു.

ദേശീയ സെലക്ടർമാർ തുടർച്ചയായി തഴഞ്ഞിട്ടും, അവർക്കെതിരെ ഇതുവരെ മോശമായി ഒന്നും തന്നെ പ്രതികരിക്കാൻ സഞ്ജു തയ്യാറായിട്ടില്ല. എപ്പോഴും, പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്ന പ്രതികരണം മാത്രമേ സഞ്ജുവിൽ നിന്ന് വരാറുള്ളൂ. ബിസിസിഐയെയും ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെയും ഒരു തരത്തിലും വിമർശിക്കാത്ത സഞ്ജുവിനെ, മറ്റ് എന്ത് കാരണം കൊണ്ടാണ് ദേശീയ സെലക്ടർമാർ വീണ്ടും വീണ്ടും തഴയുന്നത് എന്നാണ് ആരാധകർക്കിടയിൽ ഉയരുന്ന ചോദ്യം.

5/5 - (1 vote)