പുതിയ ചരിത്രം കുറിച്ച് സഞ്ജു സാംസൺ ; എംഎസ് ധോണിക്ക് പോലും നേടാനാകാത്ത റെക്കോർഡ് നേട്ടവുമായി സഞ്ജു

സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ വിക്കറ്റിന് പിറകിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ നിരയിൽ തിളങ്ങി. മാത്രമല്ല, മത്സരത്തിലെ ഗംഭീര പ്രകടനത്തിലൂടെ സഞ്ജു ഒരു അപൂർവ്വ റെക്കോർഡും സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ, 161 റൺസിന് സിംബാബ്‌വെയെ കൂടാരം കയറ്റി. 42 റൺസെടുത്ത സീൻ വില്യംസ്‌ ആണ് സിംബാബ്‌വെ നിരയിൽ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ഷാർദുൽ താക്കൂർ 3 വിക്കറ്റുകൾ വീഴ്ത്തി. വിക്കറ്റിന് പിന്നിൽ തിളങ്ങിയ സഞ്ജു രണ്ട് മനോഹര ക്യാച്ചുകൾ ഉൾപ്പെടെ മൂന്ന് ക്യാച്ച് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണർ ശിഖർ ധവാൻ (33), ശുഭ്മാൻ ഗിൽ (33) എന്നിവർ ഭേദപ്പെട്ട സ്കോർ നേടിയപ്പോൾ ക്യാപ്റ്റൻ കെഎൽ രാഹുൽ (1), ഇഷാൻ കിഷൻ (6) എന്നിവർ നിരാശപ്പെടുത്തി. ഇതോടെ ഇന്ത്യൻ ടീമിൽ ചെറിയൊരു ആശങ്ക പരന്നെങ്കിലും, അഞ്ചാം വിക്കറ്റിൽ സഞ്ജു സാംസണും (43*) ദീപക് ഹൂഡയും (25) ചേർന്ന് 57 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യൻ ക്യാമ്പിൽ ആശ്വാസം പകർന്നു.

ഒടുവിൽ, ദീപക് ഹൂഡ പുറത്തായപ്പോൾ, അക്സർ പട്ടേലിനെ (6) കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 39 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 110.26 സ്ട്രൈക്ക് റേറ്റിൽ സഞ്ജു 43 റൺസ് നേടിയത്. മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് ആയി സഞ്ജുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ, സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് കീപ്പർ ആയി സഞ്ജു മാറി. 1992 മുതൽ 33 ഏകദിന മത്സരങ്ങൾ ഇന്ത്യ സിംബാബ്‌വെക്കെതിരെ കളിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്കും സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചിട്ടില്ല.

Rate this post