
സഞ്ജു സാംസണ് വേണ്ടി മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ രംഗത്ത്
മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം, ഐപിഎൽ 2022 അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ആണെന്ന് തന്നെ പറയാം. കാരണം, 2008-ന് ശേഷം 13 വർഷങ്ങൾക്കിപ്പുറം രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണ് കീഴിൽ ഫൈനൽ കളിക്കാൻ തയ്യാറെടുക്കുകയാണ്.
വ്യക്തിഗത നേട്ടങ്ങൾ പരിശോധിച്ചാൽ, ഈ സീസണിൽ സഞ്ജു തന്റെ ഫ്രാഞ്ചൈസിയുടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനായി മാറി.മാത്രമല്ല, ഫൈനലിൽ 41 റൺസ് കൂടി സ്കോർ ചെയ്താൽ, സഞ്ജു തന്റെ ഐപിഎൽ കരിയറിൽ ഒരു സീസണിൽ നേടുന്ന ഏറ്റവും ഉയർന്ന റൺസ് ഈ സീസണിൽ രേഖപ്പെടുത്തും. നിലവിൽ 16 കളികളിൽ നിന്ന് 29.90 ശരാശരിയിൽ 147.51 സ്ട്രൈക്ക് റേറ്റോടെ 444 റൺസ് ആണ് സഞ്ജുവിന്റെ സമ്പാദ്യം.
എന്നിരുന്നാലും, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സീനിയർ താരങ്ങളുടടെ അഭാവത്തിൽ യുവതാരങ്ങളെ ഉൾപ്പെടുത്തി പ്രഖ്യാപിച്ചപ്പോഴും, ദേശീയ സെലക്ടർമാർ ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല. സഞ്ജുവിനെ തഴഞ്ഞതിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് വിമർശനങ്ങൾ ഉയരുന്നതിനൊപ്പം, ഇപ്പോൾ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് സിങ്വി പ്രതികരിച്ചിരിക്കുകയാണ്.
“എല്ലാ സീസണിലും 150ന് അടുത്ത് സ്‌ട്രൈക്ക് റേറ്റോടെ 350 റൺസിന് അടുത്ത് സ്കോർ ചെയ്യുന്ന ഒരു ബാറ്റർക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകുന്നില്ലെങ്കിൽ, അദ്ദേഹം പിന്നെ എന്ത് ചെയ്യും? എനിക്ക്, സഞ്ജു സാംസൺ അദ്ദേഹത്തിന്റെ മാക്സിമം ചെയ്തുവെന്ന് തോന്നുന്നു. ഇഷാൻ കിഷനിൽ നിന്ന് വ്യത്യസ്തമായി ഓസ്‌ട്രേലിയയിൽ ടീമിന് അനുയോജ്യമാവുക സഞ്ജു ആയിരിക്കും. റോയൽസ് ക്യാപ്റ്റൻ അത് അർഹിക്കുന്നു,” അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തു.