അത് എന്റെ പ്ലാൻ ആയിരുന്നു” ; മത്സരശേഷം വിജയ തന്ത്രം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 5 വിക്കറ്റിന് വിജയിച്ചു. നിർണായക മത്സരത്തിൽ ജയം നേടിയതോടെ പോയിന്റ് ടേബിളിൽ രണ്ടാംസ്ഥാനക്കാരായ രാജസ്ഥാൻ റോയൽസ്, ക്വാളിഫയർ 1 -ൽ ഇടംപിടിച്ചു. മെയ് 24ന് നടക്കുന്ന ക്വാളിഫയർ 1-ൽ ഗുജറാത്ത് ടൈറ്റൻസ് ആണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ.

മത്സരത്തിലേക്ക് വന്നാൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിംഗ്സ്, ഓൾറൗണ്ടർ മൊയീൻ അലിയുടെ (93) ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ്, ഓപ്പണർ യശാവി ജയിസ്വാൾ (59), രവി അശ്വിൻ (40*) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ രണ്ട് ബോളുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.

മത്സരശേഷം നടന്ന പ്രസന്റേഷൻ ചടങ്ങിൽ പ്ലേ ഓഫിൽ എത്തിയ സന്തോഷം മറച്ചുവെക്കാതിരുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീമിന്റെ പ്രകടനത്തിൽ ടീമംഗങ്ങളെ പ്രശംസിക്കുകയും ചെയ്തു. “ഇത്‌ ശരിക്കും മികച്ചൊരു അനുഭവമാണ്. ഇപ്പോൾ നിൽക്കുന്ന ഈ സ്ഥാനത്ത് എത്താൻ എല്ലാവരും ഞങ്ങളോടൊപ്പം ഉറച്ചു നിന്നു,” സഞ്ജു സാംസൺ പറയുന്നു. മത്സരശേഷം എതിരാളികളുടെ കറുത്തിനെ കുറിച്ചും സഞ്ജു പരാമർശിച്ചു, “അവർക്ക് (സിഎസ്കെ) ഗുണനിലവാരമുള്ള ബാറ്റർമാർ ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു. എന്നാൽ, ഞങ്ങൾ ഇത്രയും ശക്തമായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതൊരു വലിയ ശ്രമത്തിന്റെ ഫലമായിരുന്നു.”

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ടീമിനെ ജയത്തിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ച രണ്ട് കളിക്കാരെ സഞ്ജു പ്രത്യേകം പരാമർശിച്ചു, “പവർപ്ലേയ്ക്ക് ശേഷം മക്കോയിയെ കൊണ്ടുവന്നാൽ മതി എന്നത് എന്റെ പ്ലാൻ ആയിരുന്നു. കൂടാതെ, അദ്ദേഹത്തിലും വലിയ മാറ്റങ്ങളുണ്ടായിരുന്നു. അവർക്ക് (സിഎസ്കെ) നിലവാരമുള്ള ബൗളർമാർ ഉണ്ടായിരുന്നു, എന്നാൽ അശ്വിൻ ഞങ്ങൾക്കായി മികച്ച പ്രകടനം കാഴ്ചവച്ചു, അദ്ദേഹം ഞങ്ങൾക്ക് ഒരു മികച്ച ഓൾറൗണ്ടറായി മാറി.”

Rate this post