ഐപിഎൽ 16-ാം പതിപ്പിൽ മാറ്റങ്ങൾ ഏറെ!! ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചിതമല്ലാത്ത ചില പരിഷ്കാരങ്ങൾ നോക്കാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാമത്തെ സീസണ് മാർച്ച്‌ 31-ന് തുടക്കമാവുകയാണ്. കഴിഞ്ഞ സീസണിലേതിന് സമാനമായി ഇത്തവണയും 10 ടീമുകൾ ആണ് ഐപിഎല്ലിൽ പങ്കെടുക്കുന്നത്. അതേസമയം, ഐപിഎൽ ആരാധകർക്ക് ഇതുവരെ പരിചിതമല്ലാത്ത ചില പുതിയ കീഴ്വഴക്കങ്ങൾ ഈ സീസണിൽ നടപ്പിലാക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിലും, മറ്റു ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലും നടപ്പിലാക്കി വിജയിച്ച ചില മാറ്റങ്ങൾ ഐപിഎല്ലിലും കൊണ്ടുവരാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ബിഗ് ബാഷ് ലീഗ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ കൊണ്ടുവന്നിട്ടുള്ള ‘ഇമ്പാക്ട് പ്ലെയർ’ എന്ന ഓപ്ഷൻ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ നടപ്പിലാക്കും. അതായത്, നാല് വിദേശ കളിക്കാരെ ഉൾപ്പെടുത്തി പ്ലെയിങ് ഇലവൻ തയ്യാറാക്കുന്ന ഒരു ടീമിനെ, ഒരു ഇന്ത്യൻ കളിക്കാരനെ പന്ത്രണ്ടാമത്തെ താരമായി സ്‌ക്വാഡിൽ ഉൾപ്പെടുത്താവുന്നതാണ്. പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ട ഒരു കളിക്കാരന് പകരം, ആവശ്യമായ സമയത്ത് പന്ത്രണ്ടാമത്തെ കളിക്കാരനെ ഉപയോഗിക്കാൻ ടീമുകൾക്ക് സാധിക്കും.

മറ്റൊരു മാറ്റം എന്തെന്നാൽ, ഇനി മുതൽ ഓരോ ടീമുകൾക്കും രണ്ട് പ്ലെയിങ് ഇലവൻ നിശ്ചയിക്കാവുന്നതാണ്. അതായത്, നേരത്തെ ടോസ് ഇടുന്നതിന് മുൻപ് തന്നെ അന്തിമ ഇലവൻ പ്രസിദ്ധീകരിക്കാറാണ് പതിവ്. എന്നാൽ ഇനിമുതൽ, ക്യാപ്റ്റൻമാർക്ക് രണ്ട് പ്ലെയിങ് ഇലവൻ ഷീറ്റുകൾ ടോസ് വേളയിൽ കൈകളിൽ വെക്കാം. ടോസ് കഴിഞ്ഞ്, ആദ്യം ബൗളിംഗ് ആണോ ബാറ്റിംഗ് ആണോ ലഭിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി, രണ്ട് പ്ലെയിങ് ഇലവനുകളിൽ ഒന്ന് അന്തിമമാക്കാവുന്നതാണ്.

നേരത്തെ ഫീൽഡ് അമ്പയറുടെ വിക്കറ്റ് തീരുമാനങ്ങൾ മാത്രമാണ് കളിക്കാർക്ക് പുനപരിശോധിക്കാനുള്ള അവസരം ഉണ്ടായിരുന്നത്. എന്നാൽ, ഇനിമുതൽ ഫീൽഡ് അമ്പയറുടെ നോ-ബോൾ, വൈഡ് എന്നീ തീരുമാനങ്ങളും കളിക്കാർക്ക് റിവ്യൂ നൽകാവുന്നതാണ്. പുരോഗമിക്കുന്ന വനിത ഐപിഎല്ലിൽ ഇതിനോടകം തന്നെ ഈ പരിഷ്കാരം പ്രാവർത്തികമാക്കിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Rate this post