സഞ്ജു ക്യാപ്റ്റനായ മാച്ചിൽ മിന്നും ജയം!! വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു സാംസൺ

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ എ ടീമിന് ന്യൂസിലാൻഡ് എ ടീമിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഗംഭീര വിജയം. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ എ വിജയിച്ചത്. മത്സരത്തിൽ ടോസ് നേടിയ സഞ്ജു സാംസൺ, ന്യൂസിലൻഡിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടർന്ന് സഞ്ജുവിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവച്ചത്.

ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ തന്നെ ന്യൂസിലാൻഡ് ഓപ്പണർ ബൗസിനെ ബൗൾഡ് ചെയ്തുകൊണ്ട് ഷാർദുൽ താക്കൂർ ഇന്ത്യക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചു. തുടർന്ന് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ബൗളർമാരെ കൃത്യമായി ഉപയോഗിക്കുന്നതിൽ സഞ്ജുവും വിജയിച്ചു. നേരത്തെ, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്നപ്പോഴും, ബൗളർമാരെ കൃത്യമായി ഉപയോഗിക്കുന്നതിലുള്ള സഞ്ജുവിന്റെ കഴിവിനെ നിരവധി പേർ അഭിനന്ദിച്ചിരുന്നു.

മത്സരത്തിൽ, ഇന്ത്യക്കായി ഷാർദുൽ താക്കൂർ 4 വിക്കറ്റ് എഴുതിയപ്പോൾ, രാജസ്ഥാൻ റോയൽസിലെ സഞ്ജുവിന്റെ വിശ്വസ്തനായിരുന്ന കുൽദീപ് സെൻ 3 വിക്കറ്റുകളും വീഴ്ത്തി. സ്പിന്നർ കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ന്യൂസിലാൻഡ് എ-യുടെ ടോപ് ഓർഡർ ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ അതിവേഗം കൂടാരം കയറ്റിയെങ്കിലും, ഓൾറൗണ്ടർ റിപ്പൺ (61) അർദ്ധ സെഞ്ചുറി നേടി ന്യൂസിലാൻഡ് നിരയിൽ പിടിച്ചുനിന്നു. 40.2 ഓവറിൽ 167 റൺസ് എടുത്ത ന്യൂസിലൻഡിനെ ഇന്ത്യ ഓൾഔട്ട് ആക്കി.

തുടർന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണർമാരായ പ്രിത്വി ഷായും (17), ഋതുരാജ് ഗെയ്ക്വാദും (41) മികച്ച രീതിയിൽ തുടങ്ങി. തുടർന്ന് ക്രീസിൽ എത്തിയ രാഹുൽ ട്രിപാതിയും (31) കാര്യമായ സംഭാവന ഇന്ത്യൻ ടോട്ടലിലേക്ക് നൽകി. ശേഷം, ക്യാപ്റ്റൻ സഞ്ജു സാംസണും രജത് പറ്റിതാറും ചേർന്ന് നാലാം വിക്കറ്റിൽ 69 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. സഞ്ജു 32 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 29* റൺസ് എടുത്ത് പുറത്താകാതെ നിന്നപ്പോൾ, രജത് പറ്റിതാർ 41 പന്തിൽ 7 ഫോരുകളുടെ അകമ്പടിയോടെ 45* റൺസ് നേടി പുറത്താകാതെ നിന്നു.