നമുക്ക് റാഷിദ്‌ ഖാൻ ഒക്കെ സിംപിൾ…. മൂന്ന് മാസ്സ് സിക്സ്!! ബാറ്റിംഗ് പുലിയായി സഞ്ജു സാംസൺ

ഗുജറാത്തിനെതിരായ രാജസ്ഥാന്റെ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് മലയാളി താരം സഞ്ജു സാംസൺ. 2023 ഐപിഎല്ലിൽ മികച്ച ഒരു തുടക്കം ലഭിച്ചിട്ടും കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അത് മുതലെടുക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യനായി സഞ്ജു കൂടാരം കയറിയിരുന്നു. ഇതിനുപിന്നിലെ ഒരുപാട് വിമർശനങ്ങളും സഞ്ജുവിനെ തേടിയെത്തി. എന്നാൽ എല്ലാത്തിനുമുള്ള പകരം വീട്ടിയിരിക്കുകയാണ് സഞ്ജു ഇപ്പോൾ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്.

മത്സരത്തിൽ 178 എന്ന വിജയലക്ഷം മുന്നിൽ കണ്ടുകൊണ്ടാണ് രാജസ്ഥാൻ ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ തങ്ങളുടെ ഓപ്പണർമാരായ ജയിസ്വാളിനെയും(1) ജോസ് ബട്ലറെയും(0) രാജസ്ഥാന് നഷ്ടമായി. ശേഷം പടിക്കൽ(26) ക്രീസിലൂറചെങ്കിലും സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല. എന്നാൽ സഞ്ജു സാംസൺ ക്രീസിൽ എത്തിയതോടെ മത്സരം മാറിമറിയുകയായിരുന്നു. നേരിട്ട ആദ്യ ബോൾ മുതൽ വളരെ പക്വതയോടെയാണ് സഞ്ജു സാംസൺ കളിച്ചത്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ബോൾ ബൗണ്ടറി കടത്തുന്നതിൽ സഞ്ജു ശ്രദ്ധിച്ചു.

ഇന്നിംഗ്സിന്റെ ഏഴാം ഓവറിൽ 99 മീറ്റർ സിക്സർ നേടിയായിരുന്നു സഞ്ജു സാംസൺ തന്റെ സംഹാരം തുടങ്ങിയത്. പിന്നീട് എട്ടാം ഓവറിൽ ഹർദിക്ക് പാണ്ട്യക്കെതിരെ ഒരു തകർപ്പൻ കവർ ഡ്രൈവ് സഞ്ജു കളിക്കുകയുണ്ടായി. ശേഷം ഓരോ ഓവറിലും ബൗണ്ടറികൾ കണ്ടെത്താൻ സഞ്ജുവിനായി. റഷീദ് ഖാൻ എറിഞ്ഞ 13 ആം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകളാണ് സഞ്ജു നേടിയത്. ഇത് ഗ്യാലറിയിൽ ഉണ്ടായിരുന്ന ആരാധകരെയടക്കം ആവേശത്തിലാഴ്ത്തുകയുണ്ടായി. അങ്ങനെ 29 പന്തുകളിൽ നിന്നാണ് സഞ്ജു തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. സഞ്ജുവിന്റെ ഐപിഎല്ലിലെ 19 ആമത്തെ അർദ്ധ സെഞ്ച്വറി ആണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ 32 പന്തുകൾ നേരിട്ട സഞ്ജു 60 റൺസ് ആണ് നേടിയത്. 3 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. 187 ആണ് സഞ്ജുവിന്റെ ഇന്നിംഗ്സിലെ സ്ട്രൈക്ക് റേറ്റ്. ദുരന്തത്തിലേക്ക് കൂപ്പുകുത്തിയ ടീമിനെ കൈപിടിച്ചു കയറ്റിയ ശേഷമാണ് സഞ്ജു സാംസൺ കൂടാരം കയറിയത്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന ഇന്നിംഗ്സ് തന്നെയാണ് അഹമ്മദാബാദിൽ പിറന്നിരിക്കുന്നത്.

Rate this post