സഞ്ജുവിന് വെല്ലുവിളിയായി ഹസരംഗ!!അപൂർവ്വ നേട്ടത്തിൽ താരത്തെ പുകഴ്ത്തി ക്രിക്കറ്റ്‌ ലോകം

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ പ്രഥമ ഐപിഎൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനായി. നിലവിലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ 2812 റൺസ് നേടിയാണ്, മുൻ രാജസ്ഥാൻ റോയൽസ് ബാറ്റർ അജിങ്ക്യ രഹാനെയെ മറികടന്ന് ഫ്രാഞ്ചൈസിയുടെ റൺ വേട്ടക്കാരുടെ പട്ടികയിൽ തലപ്പത്തെത്തിയത്.

ചൊവ്വാഴ്ച്ച (മെയ്‌ 24) കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ 1 മത്സരത്തിലാണ് സഞ്ജു സാംസൺ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 26 പന്തിൽ 47 റൺസാണ് സഞ്ജു നേടിയത്. ഇതോടെ, 108 മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ചിട്ടുള്ള സഞ്ജു സാംസൺ 29.91 ശരാശരിയിലാണ് 2,812 റൺസ് നേടിയത്. ഇതിൽ, രണ്ട് സെഞ്ചുറികളും 14 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പർ ബാറ്ററുടെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ 119 റൺസാണ്.

സഞ്ജുവിന്റെ പിറകിലായി, 2810 റൺസാണ് അജിങ്ക്യ രഹാനെ നേടിയത്. ഷെയ്ൻ വാട്‌സൺ (2,372), ജോസ് ബട്ട്‌ലർ (2,159), രാഹുൽ ദ്രാവിഡ് (1,276) എന്നിവരാണ് രാജസ്ഥാൻ റോയൽസിന്റെ മറ്റ് ടോപ് സ്‌കോറർമാർ. 2016-17 സീസണുകളിൽ ഡെൽഹി ക്യാപിറ്റൽസിനായി സഞ്ജു കളിച്ചിട്ടുണ്ട്. അതുകൂടി ചേർത്താൽ ഐപിഎല്ലിൽ 29.32 ശരാശരിയിൽ 3,489 റൺസാണ് സഞ്ജു നേടിയത്. മൂന്ന് സെഞ്ചുറികളും 17 അർധസെഞ്ചുറികളും ഐപിഎൽ കരിയറിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഐപിഎൽ ചരിത്രത്തിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ 17-ാം സ്ഥാനത്താണ് സഞ്ജു സാംസൺ.

നിലവിലെ സീസണിൽ, സഞ്ജു തന്റെ ടീമിനായി നിരവധി നിർണായക ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ 15 ഇന്നിംഗ്സുകളിൽ നിന്ന് 30.07 ശരാശരിയിൽ 150.35 സ്‌ട്രൈക്ക് റേറ്റോടെ രാജസ്ഥാൻ റോയൽസ് നായകൻ 421 റൺസ് നേടിയിട്ടുണ്ട്. ഈ സിസണിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ പതിമൂന്നാം സ്ഥാനത്താണ് സഞ്ജു സാംസൺ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ക്വാളിഫയർ 2ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാൻ തയ്യാറെടുക്കുകയാണ് രാജസ്ഥാൻ റോയൽസ്.എന്നാൽ കളിയിൽ ബാംഗ്ലൂർ ലെഗ് സ്പിന്നർ ഹസരംഗ സഞ്ജുവിന് വലിയ ഒരു ഭീഷണി തന്നെ. സീസണിൽ തന്നെ രണ്ട് തവണ സഞ്ജുവിന്റെ വിക്കെറ്റ് ഹസരംഗ നേടി കഴിഞ്ഞു.