ഹസരംഗ ശാപം വിട്ടൊഴിയാതെ സഞ്ജു സാംസൺ ; ഇതെന്തൊരു വിധി ദൈവമെ

വീണ്ടും സഞ്ജു സാംസണ് മുന്നിൽ ബാലികേറാമലയായി ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ. ഐപിഎൽ 2022-ന്റെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടും എന്ന് വ്യക്തമായപ്പോൾ തന്നെ ക്രിക്കറ്റ് ലോകത്ത് ചർച്ചയായ മറ്റൊരു പോരാട്ടമാണ് ഹസരംഗയും സഞ്ജു സാംസണും തമ്മിലുള്ള ഏറ്റുമുട്ടൽ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ, ആദ്യം ബാറ്റുചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ റോയൽസിന് പവർപ്ലേയിലെ അവസാന ഓവറിൽ ഓപ്പണർ യശാവി ജയിസ്വാളിനെ (21) നഷ്ടമായതിന് പിന്നാലെ മൂന്നാമനായിയാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. മികച്ച രീതിയിൽ സഞ്ജു ജോസ് ബട്ട്ലർക്കൊപ്പം ഇന്നിംഗ്സ് തുടങ്ങിയെങ്കിലും, അതിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല.

ഇന്നിംഗ്സിന്റെ 12-ാം ഓവർ എറിയാൻ എത്തിയ ഹസരംഗ വീണ്ടുമൊരു മത്സരത്തിൽ കൂടി സഞ്ജുവിന്റെ വിക്കറ്റ് പിഴുതെറിയുകയായിരുന്നു. ഹസരംഗയുടെ ഗൂഗ്ലി ക്രീസ് വിട്ട് നേരിടാൻ ശ്രമിച്ച സഞ്ജുവിന് പിടിച്ചതോടെ, പന്ത് പിടിച്ചെടുത്ത വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് സ്റ്റംപ് ചെയ്യുകയായിരുന്നു. ഐപിഎൽ 2022-ൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേരത്തെ ഏറ്റുമുട്ടിയപ്പോഴും സഞ്ജു സാംസണെ ഹസരംഗ തന്നെയായിരുന്നു പുറത്താക്കിയത്.

ഇതോടെ, ഇരുവരും നേർക്കുനേർ വന്ന 7 കളികളിൽ ആറിലും ഹസരംഗയാണ് സഞ്ജു സാംസണിന്റെ വിക്കറ്റ് വീഴ്ത്തിയത് എന്നതാണ് ശ്രദ്ധേയം. ആർസിബിക്കെതിരെ 21 പന്ത് നേരിട്ട സഞ്ജു ഒരു ഫോറും രണ്ട് സിക്സും സഹിതം 109.52 സ്ട്രൈക്ക് റേറ്റോടെ 23 റൺസാണ് സഞ്ജു നേടിയത്.