സഞ്ജുവിനെ വിട്ടുകളഞ്ഞ മുംബൈ 😱😱2018ലെ ലേല വീഡിയോ കാണാം

2018 ഐപിഎൽ താരലേലം, വിക്കറ്റ് കീപ്പർ പൂൾ ഒന്നിൽ നിന്ന്, നമ്പർ 48 – സഞ്ജു സാംസൺ എന്ന് ഓക്ഷനർ റിച്ചാർഡ് മാഡ്ലി ഉറക്കെ അനൗൺസ്‌ ചെയ്തപ്പോൾ, ലേലം കണ്ടുക്കൊണ്ടിരുന്ന ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഇമ വെട്ടാതെ ടെലിവിഷൻ സ്ക്രീനിലേക്ക് നോക്കിയിരുന്നു. 23-കാരനായ പ്രതിഭാശാലിയായ മലയാളി താരത്തെ ആര് സ്വന്തമാക്കും എന്ന കാത്തിരിപ്പിന്റെ ആവലാതിയായിരുന്നു എല്ലാ മലയാളികളുടെയും മുഖത്ത്.

ഒരു കോടി അടിസ്ഥാന വിലയുള്ള സഞ്ജുവിനായി ലേലം ആരംഭിച്ചത് രാജസ്ഥാൻ റോയൽസ്. ഒട്ടും വൈകിപ്പിക്കാതെ ലേലം ചൂടുപിടിപ്പിക്കാൻ മുംബൈ ഇന്ത്യൻസും എത്തി. ഇരു ഫ്രാഞ്ചൈസികളും യുവതാരത്തെ വിട്ടുനൽകാൻ തയ്യാറാകാതെ വന്നതോടെ, ലേലത്തുക കോടികൾ മറിഞ്ഞു. ഐപിഎൽ 2017 സീസണിൽ, 14 ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പടെ 141.40 സ്ട്രൈക്ക് റേറ്റിൽ 386 റൺസ് നേടിയ സഞ്ജുവിനെ, പ്ലെയിങ് ഇലവനിൽ സ്ഥിരമാക്കാവുന്ന വിക്കറ്റ് കീപ്പർ – ബാറ്ററുടെ റോളിലേക്കാണ് ഇരു ടീമുകളും പരിഗണിച്ചിരുന്നത്.

വാശിയേറിയ ലേലത്തിൽ 7.80 കോടി രൂപ വരെ മുംബൈ ഇന്ത്യൻസ്‌ സഞ്ജുവിന് വേണ്ടി മുന്നോട്ട് പോയെങ്കിലും, രാജസ്ഥാൻ റോയൽസ് വിട്ടുകൊടുക്കാൻ തയ്യാറാകാതെ 8 കോടിക്ക് മലയാളി താരത്തെ സ്വന്തമാക്കുകയായിരുന്നു. ഡൽഹി ഡെയർഡെവിൾസിന് ആർടിഎം ഓപ്ഷൻ ലഭ്യമായിരുന്നെങ്കിലും, അവർ അതിന് തയ്യാറാകാതെ വന്നതോടെ മുംബൈ ഇന്ത്യൻസിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് രാജസ്ഥാൻ സ്വന്തമാക്കിയത് അവരുടെ ഭാവി ക്യാപ്റ്റനെ ആയിരുന്നു എന്ന് ഒരുപക്ഷെ അന്ന് രാജസ്ഥാൻ മാനേജ്മെന്റ് പോലും ചിന്തിച്ചിട്ടുണ്ടാകുമായിരുന്നില്ല.

എന്നാൽ, ഇന്നയാൾ വളർന്ന് പന്തലിച്ച് രാജസ്ഥാൻ റോയൽസിന്റെ അമരക്കാരനായി, 2022 ഐപിഎൽ സീസണിൽ റോയൽസിനെ പോയിന്റ് പട്ടികയുടെ മുൻ നിരയിൽ നിർത്തുമ്പോൾ, പോയിന്റ് ടേബിളിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയാതെ അവസാന സ്ഥാനക്കാരായി തുടരുന്ന മുംബൈ ഇന്ത്യൻസ് ഒരുപക്ഷെ ചിന്തിച്ചുപോകുന്നുണ്ടാവും, അന്ന് ഒരു തവണ കൂടി ഒന്ന് കയറ്റി വിളിച്ചിരുന്നെങ്കിൽ ആ മലയാളി തിളക്കം ഇന്ന് മുംബൈ ഇന്ത്യൻസിൽ പ്രകാശം പരത്തിയേനെ എന്ന്.