ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു സാംസൺ ; ഔട്ടായതിന്റെ ദേഷ്യമടക്കാൻ കഴിയാതെ താരം[video]

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഐപിഎൽ 2022 സീസണിലെ 20-ാം മത്സരം പുരോഗമിക്കുന്നു. മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ 166 റൺസ് വിജയലക്ഷ്യം ഉയർത്തി. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് 165 റൺസ് കണ്ടെത്തിയത്. എന്നാൽ, തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച സ്കോർ കണ്ടെത്തുന്നതിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പരാജയപ്പെട്ടത് നിരാശാജനകമായി.

ഈ വർഷം ആദ്യം സീനിയർ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതുമുതൽ സഞ്ജു സാംസൺ തന്റെ പ്രകടനം ഉയർത്താൻ കഷ്ടപ്പെടുകയാണ്. എന്നാൽ, ഐപിഎൽ 2022-ലെ റോയൽസിന്റെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അർദ്ധസെഞ്ച്വറി നേടിയ സഞ്ജു, അടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 30 റൺസും നേടിയതോടെ റോയൽസ് ക്യാപ്റ്റൻ ഫോം വീണ്ടെടുത്തതായി ആരാധകർ പ്രതീക്ഷിച്ചു.

എന്നാൽ, തുടർന്നുള്ള മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ 8 റൺസ് എടുക്കാനെ സഞ്ജു സാംസണ് സാധിച്ചൊള്ളു. ശേഷം, ഇന്ന് നടന്ന ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ നടന്ന മത്സരത്തിലും റോയൽസ് നായകന് ബാറ്റിംഗിൽ തന്റെ ടീമിന് കാര്യമായ സംഭാവന നൽകാനായില്ല. 12 ബോളിൽ രണ്ട് ഫോർ ഉൾപ്പടെ 13 റൺസാണ് എൽഎസ്ജിക്കെതിരെ സഞ്ജു സാംസണ് നേടാനായത്.

ജേസൺ ഹോൾഡറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് സഞ്ജു പുറത്തായത്. ഇതിന്റെ നിരാശ സഞ്ജു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പുറത്തായി ഡഗ്ഔട്ടിലേക്ക് നടന്നു പോകുന്ന വഴി തന്റെ ബാറ്റ് മുന്നോട്ട് എറിഞ്ഞാണ് സഞ്ജു തന്റെ ദേഷ്യം വെളിപ്പെടുത്തിയത്. എന്തുതന്നെയായാലും, സഞ്ജുവിന്റെ പ്രവർത്തി ക്രിക്കറ്റിന്റെ മാന്യതക്ക് ചേർന്നതല്ല എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.