ഹലോ, സാധനം കയ്യിലുണ്ടോ” വീണ്ടും രണ്ട് മലയാളി സിഐഡികൾ അമേരിക്കയിൽ എത്തി😮😮വെറൈറ്റി പോസ്റ്റുമായി സഞ്ജു സാംസൺ

“ഹലോ, സാധനം കയ്യിലുണ്ടോ” മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ‘അക്കരെ അക്കരെ അക്കരെ’ എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഒരു മലയാള സിനിമ ആരാധകനും മറക്കാൻ ഇടയില്ല. മാത്രമല്ല, പലപ്പോഴും മലയാളികൾ അമേരിക്കയിൽ എത്തുമ്പോൾ ഒരു തമാശരൂപേണെയെങ്കിലും ഈ ഡയലോഗ് ഓർത്തു ചിരിക്കും. ഇപ്പോൾ, ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും അദ്ദേഹത്തിന്റെ ഭാര്യയും അമേരിക്കയിൽ എത്തിയപ്പോൾ സഞ്ജുവും ഈ ഡയലോഗ് ഓർത്തുപോയി.

വെസ്റ്റ് ഇൻഡീസിനെതിരായ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾ അമേരിക്കയിൽ ആണ് നടക്കാനിരിക്കുന്നത്. ഇന്ത്യൻ ടീമിലെ മുഴുവൻ അംഗങ്ങൾക്കും അമേരിക്കൻ വിസ ലഭിച്ചില്ല എന്ന കാരണത്താൽ മത്സരങ്ങൾ അമേരിക്കയിൽ നടക്കില്ല എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഗയാന പ്രസിഡന്റിന്റെ ശ്രമഫലമായി അവസാനനിമിഷം ഇന്ത്യയുടെ മുഴുവൻ ടീം അംഗങ്ങൾക്കും സ്റ്റാഫ് അംഗങ്ങൾക്കും അമേരിക്കൻ വിസ ലഭിച്ചിരിക്കുകയും, അവർ അമേരിക്കയിലേക്ക് പറക്കുകയും ചെയ്തു.

മത്സരം നടക്കുന്ന ഫ്ലോറിഡയിലേക്കുള്ള യാത്രയ്ക്കിടെ മിയാമിയുടെ കാഴ്ചകൾ പങ്കുവെച്ചുകൊണ്ടാണ് സഞ്ജു, “ഹലോ സാധനം കയ്യിലുണ്ടോ” എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ ഒരു സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. ടീം ബസ്സിൽ ഇരിക്കുന്ന സഞ്ജുവിന്റെ ചിത്രം, ഭാര്യ ചാരുവും സ്റ്റോറി ആയി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്. ‘വീണ്ടും രണ്ട് മലയാളി സിഐഡികൾ അമേരിക്കയിൽ എത്തിയിട്ടുണ്ട്’ എന്നെല്ലാമാണ് ആരാധകർ പറയുന്നത്.

ഓഗസ്റ്റ് 6, 7 തീയതികളിൽ ആയിയാണ്‌ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾ നടക്കുക. രണ്ട് മത്സരങ്ങളും ഫ്ലോറിഡയിലെ സെൻട്രൽ ബ്രൊവാർഡ് പാർക്ക് & ബ്രൊവാർഡ് കൗണ്ടി സ്റ്റേഡിയത്തിൽ ആണ് നടക്കുക. ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യൻ സമയം രാത്രി 8-നാണ് മത്സരങ്ങൾ നടക്കുക. ആദ്യ മൂന്നു കളികളിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ശേഷിക്കുന്ന മത്സരങ്ങളിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.