ക്യാ ൻസർ ബാധിനായ കുട്ടിക്ക് സമ്മാനം നൽകി സഞ്ജു;ഹൃദയസ്പർശിയായ മുഹൂർത്തമെന്ന് സഞ്ജു

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ ജയം നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ നിരയിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തിളങ്ങി. മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ വിജയശിൽപ്പിയായി വിക്കറ്റിന് പിറകിലും ബാറ്റിംഗിലും തിളങ്ങിയ സഞ്ജുവിനെ പ്ലെയർ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുത്തിരുന്നു.

പരമ്പരയിലെ രണ്ടാം ഏകദിന മത്സരം സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ക്യാൻസർ ബാധിതരായ ആളുകൾക്ക് സമർപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മത്സരശേഷം, ക്യാൻസർ ബാധിതനായ ഒരു ആറ് വയസ്സുകാരന് മാച്ച് ബോൾ സമ്മാനിക്കാൻ ക്രിക്കറ്റ് ബോർഡ് സഞ്ജു സാംസണെയാണ് ക്ഷണിച്ചത്. സഞ്ജു സന്തോഷപൂർവ്വം ഈ കർത്തവ്യം നിർവഹിക്കുകയും ചെയ്തു. ഇത് ഹൃദയസ്പർശിയായ നിമിഷമാണെന്ന് സഞ്ജു പ്രതികരിക്കുകയും ചെയ്തു.

ആറ് വയസ്സുകാരനായ സിംബാബ്‌വെക്കാരനായ കുട്ടിക്ക്, സിംബാബ്‌വെ ദേശീയ ടീമിന്റെ ജേഴ്സിയും 500 ഡോളറും സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് സമ്മാനിച്ചു. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന്റെ ഈ മാതൃകാപരമായ പ്രവർത്തിയിൽ പങ്കുചേരാൻ സഞ്ജു സാംസണ് സാധിച്ചത് അദ്ദേഹത്തിന്റെ ആരാധകർക്കും അഭിമാനകരമായ നിമിഷമായി. സഞ്ജു കുട്ടിക്ക് മാച്ച് ബോൾ സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗമാണ്.

മത്സരത്തിൽ, രണ്ട് അവിശ്വസനീയമായ ക്യാച്ചുകൾ ഉൾപ്പെടെ മൂന്ന് ക്യാച്ചുകൾ ആണ് സഞ്ജു സാംസൺ എടുത്തത്. ബാറ്റിംഗിൽ, സഞ്ജു 39 ബോളുകളിൽ നിന്ന് 3 ഫോറും 4 സിക്സും സഹിതം 43* റൺസ് നേടി പുറത്താകാതെ നിൽക്കുകയും ചെയ്തു. പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെതുമായ ഏകദിന മത്സരം നാളെ (ഓഗസ്റ്റ് 22) നടക്കും. ഏകദിന ഫോർമാറ്റിലെ സഞ്ജുവിന്റെ ഈ പ്രകടനം അദ്ദേഹത്തിന്റെ ഭാവി സാധ്യതകൾക്കും പ്രതീക്ഷ നൽകുന്നു.