“സഞ്ജുവിന്റെ ബാറ്റിംഗ് കണ്ടാൽ അന്നത്തെ ദിവസം ധന്യമാണ്” ; സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം

ഐപിഎൽ പതിനഞ്ചാം പതിപ്പ് അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ അവസരത്തിൽ ടൂർണമെന്റിലെ മികച്ച യുവതാരം ആര്, സീനിയർ താരങ്ങളിൽ ആർക്കൊക്കെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞു തുടങ്ങിയ കാര്യങ്ങളിലെല്ലാം ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രധാനമായും മുൻ ഇന്ത്യൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്.

അതിനിടയിൽ മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്ററ്ററുമായ ഹർഷ ഭോഗ്ലെ, രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെയും ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും ബാറ്റിംഗ് ശൈലിയെ പ്രശംസിച്ച് രംഗത്തെത്തി. ഇരുവരും കൂടുതൽ റൺസുകൾ കണ്ടെത്തുന്നതിനു പകരം ടീമിന് ആവശ്യമായ ഇമ്പാക്ട് നൽകുന്ന ബാറ്റിംഗ് പുറത്തെടുക്കുന്ന താരങ്ങളാണ്. ഈ ശൈലിയെയാണ് ഹർഷ ഭോഗ്ലെ പ്രശംസിച്ചത്.

ചൊവ്വാഴ്ച (മെയ്‌ 24) നടന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ 26 പന്തിൽ 47 റൺസും ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗിൽ 21 പന്തിൽ 35 റൺസും നേടിയിരുന്നു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർഷ ഭോഗ്ലെ തന്റെ പ്രതികരണം അറിയിച്ചത്. ഇരുവരുടെയും ബാറ്റിംഗ് കണ്ടാൽ അന്നത്തെ ദിവസം ധന്യമാണ് എന്നാണ് ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തത്.

“ഒരേദിവസം സഞ്ജു സാംസണിന്റെയും ശുഭ്മാൻ ഗില്ലിന്റെയും മികച്ച ബാറ്റിംഗ് കണ്ടാൽ അന്നത്തെ ദിവസം ധന്യമാണ്,” ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തു. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണെ തഴഞ്ഞപ്പോഴും ഹർഷ ഭോഗ്ലെ പ്രതികരിച്ചിരുന്നു. ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ താൻ ഏറെ പ്രതീക്ഷിച്ചിരുന്ന പേര് സഞ്ജു സാംസണിന്റേതായിരുന്നു എന്നാണ് ഹർഷ ഭോഗ്ലെ അന്ന് പ്രതികരിച്ചത്.

Rate this post