കഴിവിന്റെ നിറകുടമാണ് അവൻ 😱സഞ്ജുവിന്റെ കഴിവിനെ അംഗീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ; സഞ്ജുവിനെ കുറിച്ച് ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെ

ഹിമാചൽ പ്രദേശ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക്‌ 7 വിക്കറ്റ് വിജയം. ഇതോടെ ടി20 ഫോർമാറ്റിൽ തുടർച്ചയായ 11-ാം വിജയമാണ്, ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം 62 റൺസിന് വിജയിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കെതിരായ 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര, ഇതിനോടകം തന്നെ 2-0 ത്തിന് സ്വന്തമാക്കി.

മത്സരത്തിൽ, ടോസ് ലഭിച്ച ഇന്ത്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക, ഓപ്പണർ പതും നിസ്സാങ്ക (75), ക്യാപ്റ്റൻ ഷനക (47*) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത 20 ഓവറിൽ 183 റൺസ് കണ്ടെത്തി. 19 പന്തിൽ 2 ഫോറും 5 സിക്സും സഹിതമാണ് ശ്രീലങ്കൻ ക്യാപ്റ്റൻ ഷനക പുറത്താകാതെ 47 റൺസ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് വിക്കറ്റുകൾ നേരത്തെ നഷ്ടപ്പെട്ടുവെങ്കിലും, ശ്രേയസ്‌ അയ്യർ (75), സഞ്ജു സാംസൺ (39), രവീന്ദ്ര ജഡേജ (45) എന്നിവർ കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശിയതോടെ, ഇന്ത്യ 17 പന്തുകൾ ഭാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. 44 പന്തിൽ 6 ഫോറും 4 സിക്സും സഹിതം ശ്രേയസ് 75റൺസെടുത്തപ്പോൾ, 18 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.

എന്നാൽ, ഒരോവറിൽ ഒരു ഫോറും 3 സിക്സും സഹിതം 22 റൺസ് ഉൾപ്പടെ, 25 പന്തിൽ 39 റൺസെടുത്ത സഞ്ജു സാംസന്റെ ഇന്നിംഗ്സ് ശ്രദ്ധേയമായി. മത്സരശേഷം നടന്ന അവാർഡ്ദാന ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പരാമർശിക്കുകയും ചെയ്തു. “സഞ്ജു സാംസൺ മികച്ച കഴിവുള്ളവനാണ്. അവനെപ്പോലെയുള്ള കളിക്കാർക്ക് തങ്ങളുടെ പ്രകടനം പുറത്തെടുക്കാൻ ഒരു അവസരം ആവശ്യമാണ്, തീർച്ചയായും ഇതുപോലുള്ള മറ്റ് കളിക്കാർക്കും ഒരു സമയം വരും,” രോഹിത് ശർമ്മ പറഞ്ഞു.