സഞ്ജുവിന് പകരം ജഡേജ നാലാം നമ്പറിൽ ;എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി രോഹിത് ശർമ്മ

ലഖ്നൗവിലെ ഏകാന ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ശ്രീലങ്ക ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 62 റൺസിന്റെ ഗംഭീര വിജയം. രവീന്ദ്ര ജഡേജ, സഞ്ജു സാംസൺ എന്നിവരുടെ നീല ജേഴ്സിയിലേക്കുള്ള തിരിച്ചുവരവിൽ ശ്രദ്ധേയമായ മത്സരത്തിൽ, ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാർ മികവ് പുലർത്തിയത് ടീമിനെ കൂറ്റൻ സ്കോറിൽ എത്തിച്ചു.

ഓപ്പണർമാരായ രോഹിത് ശർമ്മയും (44), ഇഷാൻ കിഷനും (89) ഓപ്പണിങ് വിക്കറ്റിൽ 111 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച് ടീമിന് മികച്ച തുടക്കം നൽകി, തുടർന്ന് വിരാട് കോഹ്ലിയുടെ അഭാവത്തിൽ മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യർ (59*) അവസാന ഓവറുകളിൽ തകർത്തടിച്ച് ടീമിനെ 20 ഓവറിൽ 199 റൺസ് ടോട്ടലിൽ എത്തിച്ചു. എന്നാൽ, സൂര്യകുമാർ യാദവിന്റെ അഭാവത്തിൽ സഞ്ജു സാംസണ് ഇന്ത്യയുടെ മധ്യനിരയിൽ അവസരം ലഭിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നേരത്തെ സൂചിപ്പിച്ചിരുന്നു. പക്ഷെ, ടീമിൽ ഉൾപ്പെടുത്തിയിട്ടും സഞ്ജുവിന്റെ നാലാമനായി ക്രീസിൽ ഇറക്കാതിരുന്നത് ആരാധകർക്ക് ആശ്ചര്യമായി.

17-ാം ഓവറിലെ അവസാന ബോളിലാണ് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് നഷ്ടമായത്. അതോടെ നാലാമനായി ടീമിൽ തിരിച്ചെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ആണ് രോഹിത് നാലാമനായി ഇറക്കിയത്. അവസാന 3 ഓവറിൽ മാക്സിമം റൺസ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു പവർ ഹിറ്റർ കൂടിയായ ജഡേജയെ ക്യാപ്റ്റൻ ക്രീസിലേക്ക് ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയത്. എന്നാൽ, അവസാന 3 ഓവറിൽ 4 പന്ത് മാത്രം നേരിട്ട ജഡേജയ്ക്ക് 3 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.

മത്സരശേഷം എന്തുകൊണ്ടാണ് ജഡേജയെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയത് എന്ന് ക്യാപ്റ്റൻ രോഹിത് തന്നെ വിശദീകരിക്കുകയുണ്ടായി. “ജഡേജയുടെ തിരിച്ചുവരവിൽ വളരെ സന്തോഷമുണ്ട്. ഞങ്ങൾക്ക് അവനിൽ നിന്ന് കൂടുതൽ പ്രകടനങ്ങൾ വേണം, അതുകൊണ്ടാണ് ഞങ്ങൾ അവനോട് കൂടുതൽ ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്. അവൻ ബാറ്റിംഗ് ഓർഡറിൽ ടോപ് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൻ മികച്ച ഒരു ബാറ്ററാണ്, അതിനാൽ ഞങ്ങൾ അവനെ മുന്നോട്ട് പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും,” രോഹിത് ശർമ്മ പറഞ്ഞു.