ഇനി ശരണം ഏകദിനം മാത്രം 😱😱സൂപ്പർ പരിശീലനവുമായി സഞ്ജു!! വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടം പിടിച്ചിരുന്നു. ഇപ്പോൾ, പര്യടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ഫോർമാറ്റുകളിലുടനീളം ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആയി തുടരുമ്പോൾ, പന്തിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പർ ആകാനുള്ള മത്സരം സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിലാണ്.

ഇപ്പോൾ, നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) നെറ്റ് സെഷനിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് വിക്കറ്റ് കീപ്പർ-ബാറ്റർ. സഞ്ജു സാംസന്റെ പരിശീലന വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 സ്ക്വാഡിൽ ഇടം നേടാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ, ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയിരിക്കും സഞ്ജുവിന്റെ പരിശ്രമം.

2015ൽ സഞ്ജു സാംസൺ ഇന്ത്യക്കായി ടി20യിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. ഇപ്പോൾ, ഒരു വർഷത്തിന് ശേഷമാണ് സാംസൺ വീണ്ടും ഏകദിന ടീമിൽ ഇടംനേടിയത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ അഭാവത്തിൽ, പ്ലേയിംഗ് ഇലവനിൽ ഇടം നേടാൻ സാംസണും ഇഷാൻ കിഷനുമായി നേരിട്ട് മത്സരമുണ്ട്.

എന്നിരുന്നാലും, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നീ മുൻനിര താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച പരമ്പരയിൽ, ബാറ്റിംഗ് ലൈനപ്പിന്റെ ശക്തി വർധിപ്പിക്കാൻ സഞ്ജുവിനെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. വലംകൈയ്യൻ ബാറ്റർ കഴിഞ്ഞ അയർലൻഡ് പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20-യിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. 14 ടി20യിൽ നിന്ന് 251 റൺസും ഒരു ഏകദിനത്തിൽ 46 റൺസുമാണ് ഈ 27കാരന്റെ സമ്പാദ്യം.