“അന്ന് സഞ്ജു എന്നെ വിളിച്ചു ഇക്കാര്യം പറഞ്ഞു “തന്റെ കരിയറിൽ ട്വിസ്റ്റ്‌ സമ്മാനിച്ച നിമിഷം വെളിപ്പെടുത്തി കുൽദീപ് സെൻ

കഴിഞ്ഞ ഐപിഎൽ സീസണിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ ഫൈനലിലേക്ക് നയിച്ചപ്പോൾ, സീസണിലെ സഞ്ജുവിന്റെ പ്രധാന ആയുധങ്ങളിൽ ഒന്നായിരുന്നു ഫാസ്റ്റ് ബൗളർ കുൽദീപ് സെൻ. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത കുൽദീപ് സെൻ, ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിന് പിന്നാലെ കുൽദീപ് സെൻ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാവുകയും ചെയ്തു.

ഇപ്പോൾ, തന്റെ കരിയറിൽ നിർണായകമായ ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കുൽദീപ് സെൻ. രാജസ്ഥാൻ റോയൽസ് പങ്കുവെച്ച വീഡിയോയിൽ ആണ് കുൽദീപ് ഈ പ്രതികരണം നടത്തിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ തന്റെ കരിയറിൽ ബ്രേക്ക് സമ്മാനിച്ചത് എങ്ങനെയാണെന്നും, സഞ്ജു തന്നെ എങ്ങനെ സഹായിച്ചു എന്നും കുൽദീപ് വെളിപ്പെടുത്തി.

മുസ്താഖ് അലി ട്രോഫിയിൽ സഞ്ജുവിനെതിരെ ബൗൾ ചെയ്തതാണ് തന്റെ കരിയറിൽ വഴിത്തിരിവായത് എന്ന് കുൽദീപ് പറയുന്നു. “ഞാൻ കേരളത്തിനെതിരെ കളിക്കുകയായിരുന്നു. സഞ്ജുവിനെതിരെ ബൗൾ ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഞാൻ തുടർച്ചയായി യോർക്കറുകൾ ആണ് എറിഞ്ഞു കൊണ്ടിരുന്നത്. അന്നേരം സഞ്ജു എന്റെ യോർക്കറുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,” കുൽദീപ് സെൻ പറയുന്നു. രാജസ്ഥാൻ റോയൽസിന്റെ ട്രയൽസ് നടക്കുന്ന വിവരം തന്നെ അറിയിച്ചതും അവരുടെ കോൺടാക്ട് നമ്പർ നൽകിയതും സഞ്ജുവാണെന്നും കുൽദീപ് പറഞ്ഞു.

“മത്സരശേഷം സഞ്ജു എന്നെ കാണാൻ എത്തി. അദ്ദേഹം എന്നെ അഭിനന്ദിച്ചു. രാജസ്ഥാൻ റോയൽസിന്റെ ട്രയൽസ് നടക്കുന്നുണ്ട് എന്ന് എന്നെ അറിയിച്ചു. ശേഷം ട്രയൽസിൽ പങ്കെടുക്കാൻ ആരെ ബന്ധപ്പെടണമെന്ന് പറഞ്ഞുതന്ന സഞ്ജു അവരുടെ നമ്പറും നൽകി,” കുൽദീപ് സെൻ പറഞ്ഞു. സഞ്ജു ഭംഗി വാക്കുകൾ പറഞ്ഞു പോവുകയല്ല, മറിച്ച് തനിക്ക് നിർദ്ദേശങ്ങൾ നൽകുകയും വേണ്ട സഹായങ്ങൾ ചെയ്ത് തരികയുമാണ് ചെയ്തത് എന്നാണ് കുൽദീപ് സെൻ പറഞ്ഞു.