സഞ്ജുവിന് ഇന്ത്യയുടെ ടോപ് ഓർഡറിൽ അവസരം ഉണ്ടാകില്ല, സഞ്ജുവിന് മറ്റൊരു മാർഗം ഉപദേശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്‌

ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ ഇന്ത്യൻ ടീമിലെ ഭാവി സാധ്യതകളെക്കുറിച്ച് വിശകലനം ചെയ്ത് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്‌. സോണി നെറ്റ്വർക്കിൽ പങ്കെടുത്ത ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ്, സഞ്ജുവിന്റെ ഭാവിയെക്കുറിച്ച് മുൻ ഇന്ത്യൻ താരം വാചാലനായത്. അതോടൊപ്പം തന്നെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനത്തെ കൈഫ് അഭിനന്ദിക്കുകയും ചെയ്തു.

സഞ്ജുവിന്റെ സിക്സ് ഹിറ്റിംഗ് കഴിവാണ് തന്നെ ആകർഷിച്ചത് എന്ന് മുഹമ്മദ്‌ കൈഫ്‌ പറഞ്ഞു. സിംബാബ്‌വെക്കെതിരായ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു, ശേഷിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് 6 സിക്സുകളാണ് നേടിയത്. രണ്ടാം ഏകദിനത്തിൽ 39 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 43 റൺസ് നേടി പുറത്താകാതെ ക്രേസിൽ തുടർന്നപ്പോൾ, അവസാന മത്സരത്തിൽ 13 പന്തിൽ 2 സിക്സറുകൾ ഉൾപ്പെടെ 15 റൺസാണ് സഞ്ജു നേടിയത്.

“സഞ്ജുവിന്റെ സിക്സ് ഹിറ്റിംഗ് കഴിവ് ഏറെ പ്രശംസനീയം തന്നെ. അദ്ദേഹത്തിന് നല്ല സ്കിൽ ഉണ്ട്. ഉയർന്ന ബാക്ക്ലിഫ്റ്റോടെ സ്ട്രൈറ്റ് സിക്സറുകൾ അടിക്കാനുള്ള സഞ്ജുവിന്റെ കഴിവ്, ഇന്ന് യുവ കളിക്കാരൻ ചിലർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. എന്നാൽ വസ്തുതകൾ മുൻനിർത്തി പറയുകയാണെങ്കിൽ, സഞ്ജുവിന് ഇന്ത്യൻ ടീമിന്റെ ടോപ് ഓർഡറിൽ അവസരം ഉണ്ടായേക്കില്ല. അവിടെ, രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവർ ഉണ്ട്,” കൈഫ്‌ പറയുന്നു.

“എന്നാൽ, തന്റെ സിക്സ് ഹിറ്റിംഗ് കഴിവ് മുൻനിർത്തി, സഞ്ജുവിന് ഇന്ത്യൻ ടീമിലെ 5 അല്ലെങ്കിൽ 6 സ്ഥാനങ്ങൾക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാവുന്നതാണ്. എതിരാളികൾ ഇന്ത്യയുടെ ടോപ് ഓർഡർ തകർത്ത് ആശ്വാസം കൊള്ളുമ്പോൾ, മധ്യനിരയിൽ സഞ്ജുവിനെ പോലെ ഒരു സിക്സ് ഹിറ്റർ ഉള്ളത് ഇന്ത്യൻ ടീമിന് ഗുണം ചെയ്യും,” മുഹമ്മദ് കൈഫ് പറഞ്ഞു.