ലാസ്റ്റ് ഓവറിൽ പോരാട്ടം!!! പ്രതീക്ഷകൾക്ക് മുകളിൽ പറന്ന സഞ്ജു സ്പെഷ്യൽ ഇന്നിംഗ്സ്

ഇന്ത്യ ദക്ഷിണാഫ്രിക്ക ലഖ്നൗ ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 250 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. വലിയ തകർച്ചയുടെ വക്കിൽ നിന്ന് ഇന്ത്യയെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ജയത്തിലേക്ക് നയിക്കും എന്ന് തോന്നിപ്പിച്ചെങ്കിലും, അവസാന ഓവറുകളിൽ സഞ്ജുവിന് കൂട്ടായി റൺസ് ഉയർത്താൻ ആരും ഇല്ലാതിരുന്നതോടെ ഇന്ത്യയെ പരാജയത്തിൽ നിന്ന് തടുക്കാൻ ആയില്ല.

മത്സരത്തിൽ, ഇന്ത്യ 51-4 എന്ന നിലയിൽ നിൽക്കുമ്പോൾ ആറാമനായിയാണ് സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. തുടർന്ന് ശ്രേയസ്‌ അയ്യരുമായി (50) അഞ്ചാം വിക്കറ്റിൽ സഞ്ജു 67 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന്, 6-ാം വിക്കറ്റിൽ ഷാർദുൽ താക്കൂറുമായി (33) ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടും സഞ്ജുവിന് സൃഷ്ടിക്കാനായി. എന്നാൽ, 38-ാം ഓവറിൽ ഷാർദുൽ കൂടി പുറത്തായതോടെ എല്ലാ സമ്മർദ്ദവും സഞ്ജുവിന്റെ മാത്രം ചുമലിലായി.

കാഗിസോ റബാഡ എറിഞ്ഞ ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ 7 റൺസ് മാത്രമേ ഇന്ത്യക്ക് നേടാൻ ആയുള്ളൂ. അവസാന ഓവറിൽ ജയിക്കാൻ 30 റൺസ് വേണമെന്നിരിക്കെ, എല്ലാ കണ്ണുകളും സഞ്ജുവിലേക്കായി. സ്പിന്നർ ഷംസി എറിഞ്ഞ 40-ാം ഓവറിൽ 3 ഫോറും ഒരു സിക്സും ഉൾപ്പെടെ 20 റൺസ് എടുക്കാനെ സഞ്ജുവിന് ആയുള്ളൂ. ഇതോടെ ഇന്ത്യ മത്സരത്തിൽ 9 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

63 പന്തിൽ 9 ഫോറും 3 സിക്സും സഹിതം 136.51 സ്ട്രൈക്ക് റേറ്റോടെ സഞ്ജു സാംസൺ പുറത്താകാതെ 86* റൺസ് നേടി. ഒരുപക്ഷേ ബാറ്റിംഗ് ലൈനപ്പിൽ സഞ്ജുവിനെ നാലാമതോ, അഞ്ചാമതോ ആയി ഇറക്കിയിരുന്നെങ്കിൽ സഞ്ജുവിന് കൂടുതൽ റൺ കണ്ടെത്താനും ഇന്ത്യയെ ജയത്തിലേക്ക് നയിക്കാനും സാധിച്ചേനെ. എന്നാൽ നിർഭാഗ്യവശാൽ സഞ്ജുവിന്റെ പ്രകടനത്തിന് ഇന്ത്യയെ ജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല.