ഐസിസി ബാറ്റിംഗ് റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി ശുഭ്മാൻ ഗിൽ ; സഞ്ജു സാംസണിന്റെ റാങ്ക് അറിയാം

ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ പര്യടനങ്ങളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗിൽ റാങ്കിങ് പട്ടികയിൽ കുതിപ്പ് നടത്തിയത്. സിംബാബ്‌വെ പര്യടനത്തിൽ 245 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോറർ ആയ ശുഭ്മാൻ ഗില്ലിനെയായിരുന്നു പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത്.

നേരത്തെ, ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ 83-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ശുഭ്മാൻ ഗിൽ, ഇപ്പോൾ പുതുക്കിയ പട്ടികയിൽ 45 സ്ഥാനങ്ങൾ മുന്നേറി 38-ാം റാങ്കിലാണ് എത്തിയിരിക്കുന്നത്. 22-കാരനായ ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് ആണ് ഇത്. 570 പോയിന്റാണ് 38-ാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലിന് ഉള്ളത്. 890 പോയിന്റുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ആണ് ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്.

ദക്ഷിണാഫ്രിക്കയുടെ വാന്ഡർ ഡസ്സെൻ, ക്വിന്റൻ ഡി കൊക്ക്, പാകിസ്ഥാന്റെ ഇമാം ഉൾ ഹഖ് എന്നിവരാണ് ഈ പട്ടികയിൽ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ ഉള്ളത്. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയുമാണ് ഐസിസി ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ തുടരുന്ന ഇന്ത്യൻ താരങ്ങൾ. 744 പോയിന്റുള്ള കോഹ്‌ലി 5-ാമതും 740 പോയിന്റുള്ള രോഹിത് 6-ാമതുമാണ്. പുതുക്കിയ പോയിന്റ് പട്ടികയിൽ 696 പോയിന്റ് ഉള്ള ഇന്ത്യയുടെ വെറ്റെറൻ ഓപ്പണർ ശിഖർ ധവാൻ ഒരു സ്ഥാനം നഷ്ടമായി 12-ാമതായി. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ റാങ്കിങ്ങിൽ 195-ാം സ്ഥാനത്താണ്.

ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ട് ആണ് ഒന്നാമത്. 4-ാം സ്ഥാനത്തുള്ള ജസ്‌പ്രീത് ബുംറയാണ്‌ ബൗളർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ തുടരുന്ന ഏക ഇന്ത്യൻ താരം. അതേസമയം, ഐസിസി ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിങ് പട്ടികയിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ശാക്കിബ് അൽ ഹസ്സൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഇന്ത്യയ്ക്കെതിരായ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതായി.

Rate this post