സഞ്ജുവിനെക്കാൾ മികച്ചത് ഹാർദിക് പാണ്ഡ്യ തന്നെ, അഭിപ്രായം പങ്കുവെച്ച് രവി ശാസ്ത്രി ; എന്നാൽ മുൻ ന്യൂസിലാൻഡ് നായകന്റെ അഭിപ്രായം ഇങ്ങനെ
ഐപിഎൽ 2022-ന്റെ ആദ്യ ക്വാളിഫയർ മത്സരവും എലിമിനേറ്റർ മത്സരവും പൂർത്തിയായതോടെ, ഇനി എല്ലാ കണ്ണുകളും രണ്ടാം ക്വാളിഫയർ മത്സരത്തിലേക്കാണ്. നേരത്തെ ഒന്നാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ ഇടം നേടിയപ്പോൾ, ഇനി രണ്ടാം ക്വാളിഫയർ മത്സരം വിജയിച്ച് ആരായിരിക്കും ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ എതിരാളികളാവുക എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.
എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ട് ലക്നൗ സൂപ്പർ ജിയന്റ്സ് പുറത്തായതോടെ ഇനി ഐപിഎൽ 15-ാം പതിപ്പിൽ കിരീട സാധ്യതയുള്ളത് മൂന്ന് ടീമുകൾക്കാണ്. അവയിൽ രണ്ട് ടീമുകളെ നയിക്കുന്നത് യുവ ഇന്ത്യൻ ക്യാപ്റ്റന്മാരാണെന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണോ അതോ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ആണോ മികച്ച ക്യാപ്റ്റൻ എന്ന് ചർച്ച ചെയ്യുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രിയും മുൻ ന്യൂസിലാൻഡ് ക്യാപ്റ്റനായ ഡാനിയൽ വെറ്റോറിയും.

ക്യാപ്റ്റനായി യാതൊരു മുൻ പരിചയവുമില്ലാതെ തീർത്തും പുതിയൊരു ടീമിന്റെ ക്യാപ്റ്റനായി സ്ഥാനമേറ്റ്, തന്റെ ടീമിനെ ടൂർണമെന്റിലെ ടേബിൾ ടോപ്പറാക്കിയ ഹർദിക് പാണ്ഡ്യയാണ് ക്യാപ്റ്റൻസിയുടെ കാര്യത്തിൽ സഞ്ജുവിനെക്കാൾ മികച്ചവൻ എന്നാണ് മുൻ ഇന്ത്യൻ പരിശീലനൻ രവി ശാസ്ത്രിയുടെ അഭിപ്രായം. “യാതൊരു മുൻപരിചയവും ഇല്ലാതെയാണ് ഹാർദിക് ക്യാപ്റ്റൻസി ഏറ്റെടുത്തത്, അതും തീർത്തും പുതിയൊരു ടീമിന്റെ. എന്നിട്ടും, ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനം അവർ കാഴ്ചവെച്ചു. അതുകൊണ്ട് ഹാർദിക് തന്നെയാണ് മികച്ച യുവ ക്യാപ്റ്റൻ,” രവി ശാസ്ത്രി പറഞ്ഞു.
രവി ശാസ്ത്രിയുടെ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് ഇതേ അഭിപ്രായം തന്നെയാണ് മുൻ ന്യൂസിലാൻഡ് നായകൻ ഡാനിയേൽ വെറ്റോറിയും പങ്കുവച്ചത്. “പുതിയ ടീം, പുതിയ മാനേജ്മെന്റ്, പുതിയ കോച്ചിംഗ് സ്റ്റാഫുകൾ, പുതിയ ഒരു കൂട്ടം കളിക്കാർ അവരെയാണ് ക്യാപ്റ്റനായി യാതൊരു മുൻ പരിചയവും ഇല്ലാത്ത ഹാർദിക് നയിച്ചത്. അവരെ ടൂർണമെന്റിലെ ഒന്നാംസ്ഥാനക്കാരാക്കുകയും ചെയ്തു. അതുകൊണ്ട് ഹാർദിക് തന്നെയാണ് മികച്ച ക്യാപ്റ്റൻ എന്നാണ് എന്റെ അഭിപ്രായം,” വെറ്റോറി പറഞ്ഞു.