“സഞ്ജു ചേട്ടാ പൊളിക്കണമേ “ഫാൻസ്‌ ആവശ്യം!! സഞ്ജു മാസ്സ് മറുപടി : വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സംഘം വെസ്റ്റ് ഇൻഡീസിൽ എത്തി. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ താരങ്ങൾ ഇംഗ്ലണ്ടിൽ നിന്ന് യാത്ര തിരിച്ചപ്പോൾ, സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെടാത്ത താരങ്ങൾ ഇന്ത്യയിൽ നിന്നാണ് യാത്രതിരിച്ചത്. ഇപ്പോൾ, ഏകദിന പരമ്പരക്കുള്ള എല്ലാ ടീമംഗങ്ങളും വെസ്റ്റ് ഇൻഡീസിൽ എത്തി.

സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങളെ വെസ്റ്റ് ഇൻഡീസിൽ വരവേൽക്കാൻ എയർപോർട്ടിന് മുൻപിൽ നിരവധി ഇന്ത്യൻ ആരാധകരാണ് തടിച്ചുകൂടിയത്. അതിൽ മലയാളികളും ഉണ്ട്. സഞ്ജു സാംസൺ എയർപോർട്ടിന് പുറത്തേക്ക് വരുമ്പോൾ മലയാളി ക്രിക്കറ്റ് ആരാധകർ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വെസ്റ്റ് ഇൻഡീസിലെ സെന്റ് ലൂസിയയിൽ ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻസ്‌ എന്ന പദവി വഹിക്കുന്ന മലയാളിയായ സിബി ഗോപാലകൃഷ്ണൻ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഏകദിന മത്സരങ്ങൾക്കായി ട്രിനിഡാഡിന്റെ തലസ്ഥാനമായ പോർട്ട്‌ ഓഫ് സ്പെയിനിൽ എത്തിയ സഞ്ജു സാംസണെ കാണാൻ മലയാളികൾ എയർപോർട്ടിൽ എത്തിയ കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

എയർപോർട്ടിൽ നിന്ന് ഇറങ്ങിവരുന്ന സഞ്ജുവിനോട്, “സഞ്ജു ചേട്ടാ പൊളിച്ചേക്കണേ, നമ്മൾ ഗ്രൗണ്ടിൽ കാണും,” എന്ന് ഒരു മലയാളി ആരാധകൻ പറയുന്നുണ്ട്. ജൂലൈ 22-നാണ് ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.