റൺസ്‌ ചേസിൽ അയാൾ സിംഹമാണ് :ഐപിഎല്ലിൽ അപൂർവ്വ നേട്ടം ഇന്നും സഞ്ജുവിന് സ്വന്തം

ടി20 ഫോർമാറ്റ് ജനപ്രിയമാക്കുന്നതിൽ ബാറ്റർമാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പലപ്പോഴും മികച്ച ബാറ്റിംഗ് പ്രകടനം മത്സരങ്ങളിലെ വിജയിയെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാകുന്നു. പ്രത്യേകിച്ച്, ഒരു വലിയ ലക്ഷ്യം പിന്തുടരേണ്ടി വരുമ്പോൾ ബാറ്റർമാരുടെ പങ്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ, 200+ റൺസ് എന്ന ലക്ഷ്യം പിന്തുടരുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാർ ആരൊക്കെ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഐപിഎല്ലിൽ 200+ വിജയലക്ഷ്യം പിന്തുടർന്ന മത്സരങ്ങളിൽ കർണാടക താരം മനീഷ് പാണ്ഡെയാണ് ഏറ്റവും കൂടുതൽ റൺസ് നേടിയത്. 7 ഇന്നിംഗ്‌സുകളിൽ നിന്ന് 69 ശരാശരിയിൽ 160.47 എന്ന സ്‌ട്രൈക്ക് റേറ്റോടെ 345 റൺസാണ് പാണ്ഡെ നേടിയത്. ഈ ഇന്നിംഗ്സുകളിൽ ഓവറിൽ 9.63 എന്ന ശരാശരിയിലാണ് പാണ്ഡെ റൺസ് അടിച്ചുക്കൂട്ടിയത് എന്നും ശ്രദ്ധേയമാണ്. കോൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ ഫ്രാഞ്ചൈസികളുടെ ഭാഗമായ 32 കാരനായ പാണ്ഡെയെ 2022 ഐപിഎല്ലിന് മുന്നോടിയായി നടന്ന മെഗാ ലേലത്തിൽ 4.60 കോടി രൂപയ്ക്ക് പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി.

4 ഇന്നിംഗ്‌സുകളിൽ നിന്ന് 267 റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണാണ് ഈ എലൈറ്റ് പട്ടികയിലെ രണ്ടാമൻ. 200+ വിജയലക്ഷ്യം പിന്തുടർന്ന മത്സരങ്ങളിൽ 139 പന്തുകൾ നേരിട്ട 27-കാരൻ, 66.75 ശരാശരിയിൽ 192.09 സ്‌ട്രൈക്ക് റേറ്റോടെയാണ്‌ 267 റൺസ് നേടിയത്. ഈ ഇന്നിംഗ്സുകളിൽ ഓവറിൽ 11.53 റൺസാണ് സാംസൺ അടിച്ചുകൂട്ടിയത്. 14 കോടി രൂപയ്ക്ക് ഐപിഎൽ 2022-ൽ രാജസ്ഥാൻ റോയൽസ് നിലനിർത്തിയ മലയാളി താരം റോയൽസിന്റെ നായകൻ കൂടിയാണ്.

3 ഇന്നിംഗ്‌സുകളിൽ നിന്ന് 61.67 ശരാശരിയിൽ 212.64 സ്‌ട്രൈക്ക് റേറ്റോടെ 185 റൺസ് നേടിയ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 45.75 ശരാശരിയിൽ 177.67 സ്‌ട്രൈക്ക് റേറ്റോടെ 183 റൺസുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പത്താനാണ് തൊട്ടുപിന്നിൽ. 4 ഇന്നിംഗ്‌സുകളിൽ നിന്ന് 56.67 ശരാശരിയിൽ 170 റൺസ്‌ നേടിയ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.