എന്നെ അദ്ദേഹം ഒരുപാട് സഹായിച്ചു 😱മത്സരശേഷം വാചാലനായി സഞ്ജു സാംസൺ

ധർമശാലയിൽ ശനിയാഴ്ച നടന്ന ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ സാധിച്ചതിന്റെ സന്തോഷം വെളിപ്പെടുത്തി ഇന്ത്യയുടെ മലയാളി ബാറ്റർ സഞ്ജു സാംസൺ. 7 വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയ മത്സരത്തിൽ ഒരോവറിൽ നേടിയ 22 റൺസ് ഉൾപ്പടെ, 25 പന്തിൽ 39 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 2 ഫോറും 3 സിക്സും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സഹായകമായ വിക്കറ്റായിരുന്നു ധർമശാലയിലേത് എന്ന് പോസ്റ്റ് മാച്ച് പ്രസന്റേഷൻ ചടങ്ങിൽ സഞ്ജു പറഞ്ഞു. “ഈ വിക്കറ്റ് വളരെ നല്ലതായിരുന്നു. ഈ ഗ്രൗണ്ടിൽ ബൗണ്ടറികളുടെ ദൂരം കുറവാണ്. ബാറ്റിംഗിൽ ഞങ്ങൾ താളം കണ്ടെത്തിയപ്പോൾ, വിജയലക്ഷ്യം എളുപ്പത്തിൽ മറികടക്കാനാവും ഞങ്ങൾ കരുതിയിരുന്നു. ഓവറിൽ 10 റൺസ് കണ്ടെത്തുക എന്നത് ഈ ഗ്രൗണ്ടിൽ വലിയ പ്രയാസമുള്ള കാര്യമല്ലായിരുന്നു,” സഞ്ജു പറയുന്നു.

തനിക്ക് മികച്ച ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രേയസ് അയ്യരുമായുള്ള കൂട്ടുകെട്ട് ഏറെ സഹായകമായി എന്നും സഞ്ജു പറയുന്നു. “കൂട്ടുകെട്ടിൽ എനിക്ക് ആവശ്യമായ സമയം കണ്ടെത്താൻ ശ്രേയസ്‌ അയ്യർ എന്നെ സഹായിച്ചു. ആർക്കാണ് കൂടുതൽ സമയം ആവശ്യം, ആരാണ് ആ സമയത്ത് മികച്ച രീതിയിൽ കളിക്കുക എന്നതിനെ കുറിച്ചൊക്കെ ഞങ്ങൾക്കിടയിൽ ധാരണയുണ്ടായിരുന്നു, കാരണം, ഞങ്ങൾ മതിയായ ക്രിക്കറ്റ്‌ ഒരുമിച്ച് കളിച്ചിട്ടുണ്ട്. എനിക്ക്, ഒരു താളം കണ്ടെത്താൻ 10-12 ബോളുകൾ വേണ്ടി വന്നു,” സഞ്ജു പറഞ്ഞു.

“ഞങ്ങൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു, ടീമിന് ആവശ്യമുള്ളതെല്ലാം ചെയ്യുന്നു. എനിക്ക് ശരിക്കും സവിശേഷമായ ദിവസമാണ് ഇന്ന്. ഏഴ് വർഷം മുമ്പ് ഞാൻ എന്റെ അരങ്ങേറ്റം നടത്തി, ഒടുവിൽ ഇന്ന് ടീമിന്റെ വിജയത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാൻ സാധിച്ചു. രാജ്യത്തിന് വേണ്ടി കളിക്കുന്നത് എന്നെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്,” ഇന്ത്യൻ ബാറ്റർ കൂട്ടിച്ചേർത്തു.