യശസ്വി ജയ്‌സ്വാളിന് ‘ചേട്ടന്റെ’ സമ്മാനം ; ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ തന്റെ സഹതാരം, യുവ ബാറ്റർ യശസ്വി ജയ്‌സ്വാളിനോട്‌ പ്രകടിപ്പിച്ച ഹൃദയസ്പർശിയായ സമീപനം ക്രിക്കറ്റ്‌ ആരാധകരുടെ ഹൃദയം കീഴടക്കി. ശനിയാഴ്ച്ച (മെയ്‌ 7) നടന്ന ഐപിഎൽ 2022-ലെ 52-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ റോയൽസ് നേടിയ ആറ് വിക്കറ്റ് വിജയത്തിൽ, ഇടംകയ്യൻ ബാറ്റർ ജയ്‌സ്വാളിന്റെ (68) അർധ സെഞ്ച്വറി പ്രകടനം നിർണ്ണായകമായ പങ്ക് വഹിച്ചിരുന്നു.

ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങൾ കളിച്ച ജയ്‌സ്വാൾ, മോശം പ്രകടനത്തെ തുടർന്ന് പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തുപോയിരുന്നു. തുടർന്ന്, കഴിഞ്ഞ മത്സരത്തിൽ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തുകയും ടീമിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജയ്‌സ്വാളിനെ, മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ സഞ്ജു പ്രശംസിച്ചിരുന്നു. ജയ്‌സ്വാളിന്റെ കഠിനമായ പരിശീലനത്തെയും മത്സരശേഷം സഞ്ജു എടുത്തു പറഞ്ഞിരുന്നു.

തുടർന്ന്, ഡ്രസ്സിംഗ് റൂമിൽ എത്തിയ ശേഷം തന്റെ യുവ സഹതാരത്തിന് ഒരു സമ്മാനം നൽകാൻ ടീം ക്യാപ്റ്റൻ തീരുമാനിച്ചു. ഒരു ബാറ്റ് ആണ് സഞ്ജു തന്റെ സഹതാരത്തിന് ‘ചേട്ടന്റെ സമ്മാനം’ എന്ന ലേബലിൽ വാഗ്ദാനം ചെയ്തത്. “ഇന്ന് രാത്രി ണിന്റെ മുറിയിൽ ഒരു പുതിയ ബാറ്റ് ഉണ്ടായിരിക്കും. നിന്റെ, ചേട്ടന്റെ ഒരു സമ്മാനം. യഷ്‌വി ജയ്‌സ്വാളിന് ഒരു പുതിയ ബാറ്റ്,” രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സഞ്ജു ഹിന്ദിയിൽ ജയ്‌സ്വാളിനോട് പറയുന്നു.

ടൂർണമെന്റിലേക്ക് വന്നാൽ, നിലവിൽ 11 കളികൾ പൂർത്തിയാക്കിയ രാജസ്ഥാൻ റോയൽസ് 7 ജയങ്ങൾ നേടി 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ശേഷിക്കുന്ന, മൂന്ന് കളികളിൽ രണ്ടെണ്ണം ജയിച്ചാൽ, റോയൽസിന് അനായാസം പ്ലേഓഫ് ബർത്ത് ഉറപ്പിക്കാവുന്നതാണ്. മെയ്‌ 11-ന് ഡെൽഹി ക്യാപിറ്റൽസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.