Sanju Surprise Gift;ന്യൂ മോതൊറാക്സ് ബാധിതനായ ആരാധകന് സർപ്രൈസ് സമ്മാനം നൽകി സഞ്ജു സാംസൺ

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ ആരാധക പിന്തുണ ഒരുപാട് തവണ ക്രിക്കറ്റ് ലോകത്ത് ചർച്ചയായ വിഷയമാണ്. സഞ്ജു ഇന്ത്യൻ ടീമിനൊപ്പം ആഭ്യന്തര, വിദേശ പര്യടനങ്ങൾക്ക് പോകുമ്പോഴെല്ലാം, സ്റ്റേഡിയത്തിൽ നിന്ന് മറ്റേതൊരു കളിക്കാരനും ലഭിക്കുന്നതിനേക്കാൾ കയ്യടിയും ആരവവും സഞ്ജുവിനെ ലഭിക്കുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയാണ്. തന്റെ ആരാധകരോടുള്ള സഞ്ജുവിന്റെ പെരുമാറ്റവും ഏറെ പ്രശംസനീയാർഹമാണ്.

ആരാധകർക്കൊപ്പം എല്ലായിപ്പോഴും സെൽഫിയെടുക്കാനും മറ്റും സമയം കണ്ടെത്താറുള്ള സഞ്ജു, തന്റെ ആരാധകർക്ക് തന്റെ ജേഴ്സി സമ്മാനമായി അയച്ചു കൊടുക്കുന്നതായി പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. തിരുവനന്തപുരം എംപി ശശി തരൂർ, നടൻ ജയറാം ഉൾപ്പെടെയുള്ള പ്രമുഖർ സഞ്ജുവിന്റെ ജേഴ്സി സഞ്ജു തങ്ങൾക്ക് സമ്മാനമായി അയച്ചുതന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ വളരെ ഹൃദയസ്പർശിയായ ഒരു മുഹൂർത്തത്തിനാണ് സഞ്ജു അവസരം ഉണ്ടാക്കിയത്. ന്യൂമോതൊറാക്സ് ബാധിതനായ തന്റെ ആരാധകന്, വലിയൊരു സർപ്രൈസ് നൽകിയിരിക്കുകയാണ് സഞ്ജു. രാജസ്ഥാൻ റോയൽസിൽ അണിയുന്ന തന്റെ 11-ാം നമ്പർ ജേഴ്സി സഞ്ജു തന്റെ ആരാധകനെ സർപ്രൈസ് സമ്മാനമായി അയച്ചു നൽകിയിരിക്കുകയാണ്. ന്യൂമോതൊറാക്സ് ബാധ്യതനായ വ്യക്തിയുടെ മകനാണ് സഞ്ജു നൽകിയ ഈ സർപ്രൈസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

തന്റെ പിതാവ് ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ മാത്രമാണ് മുറിയിൽ നിന്ന് പുറത്തിറങ്ങാറുള്ളത് എന്ന് പറഞ്ഞ മകൻ, പിതാവ് സഞ്ജുവിന്റെ വലിയ ഒരു ആരാധകനാണ് എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പിതാവിന് സഞ്ജു നൽകിയ സമ്മാനം കൈമാറിയപ്പോൾ, അദ്ദേഹം അത് ഉടനെ ധരിക്കുന്നതും വീഡിയോയിൽ കാണാം. സഞ്ജുവിന്റെ ഈ സ്നേഹം നിറഞ്ഞ സമ്മാനത്തിന് ആരാധകർ കൈയ്യടിക്കുകയാണ്.