താരങ്ങൾക്ക് വമ്പൻ വരവേൽപ്പ് നൽകി സഞ്ജു സാംസൺ ; സഞ്ജുവിന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ

പ്രഥമ ഐപിഎൽ സീസണിൽ ജേതാക്കളായതിന് ശേഷം, കഴിഞ്ഞ 13 സീസണുകളിലും ഐപിഎല്ലിന്റെ ഫൈനലിൽ പ്രവേശിക്കാൻ സാധിക്കാത്തതിന്റെ പേരിൽ ആരാധകരുടെ പഴി കേൾക്കുന്ന രാജസ്ഥാൻ റോയൽസ്, സമാപിച്ച ഐപിഎൽ 2022 മെഗാ താരലേലത്തിൽ മികച്ച ഒരുപറ്റം കളിക്കാരെ സ്വന്തമാക്കി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ നിലനിർത്തിയത് കൊണ്ടുതന്നെ വലിയൊരു വിഭാഗം മലയാളി ക്രിക്കറ്റ്‌ ആരാധകരും രാജസ്ഥാൻ റോയൽസിന്റെ ആരാധകരായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, ടീമിലേക്ക് പുതിയതായി എത്തിയ താരങ്ങളെ ഡാൻസ് ചെയ്ത് സ്വീകരിക്കുന്ന വീഡിയോ, രാജസ്ഥാൻ റോയൽസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരിക്കുകയാണ്. റോയൽസ് പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ‘ഓം ശാന്തി ഓം’ എന്ന ഹിറ്റ് ബോളിവുഡ് ഗാനത്തിന്റെ രംഗങ്ങളിൽ സഞ്ജുവിന്റെ തല മോർഫ് ചെയ്ത് രാജസ്ഥാൻ ആരാധകർ തന്നെയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

ടീമിലേക്ക് പുതിയതായി എത്തിയ യുസ്വേന്ദ്ര ചാഹൽ, നീഷം, ട്രെന്റ് ബോൾട്ട്, ആർ അശ്വിൻ, ഹെറ്റ്മയർ എന്നിവരെ ടീമിലേക്ക് ഡാൻസ് ചെയ്ത് സ്വീകരിക്കുന്ന സഞ്ജുവാണ് വീഡിയോയിലെ പ്രധാന കഥാപാത്രം. വീഡിയോയുടെ അവസാനം രാജസ്ഥാൻ റോയൽസ്‌ പരിശീലകൻ കുമാർ സങ്കക്കാരയും അതിഥി വേഷത്തിൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക്‌ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

ലേലത്തിന് മുന്നേ സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ എന്നിവരെ നിലനിർത്തിയ രാജസ്ഥാൻ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവദത്ത് പടിക്കൽ, പ്രസീദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, റിയാൻ പരാഗ്, കെസി കാരിയപ്പ, നവദീപ് സൈനി, ഒബേദ് മക്കോയ്, അരുണയ് സിംഗ്, കുൽദീപ് സെൻ, കരുൺ ജുറെ, ഡിഹ്രുവ് നായർ, തേജസ് ബറോക്ക, കുൽദീപ് യാദവ്, ശുഭം ഗർവാൾ, ഡാരിൽ മിച്ചൽ, റാസി വാൻ ഡെർ ഡസ്സൻ, നഥാൻ കൗൾട്ടർ-നൈൽ, ജെയിംസ് നീഷാം എന്നിവരെയാണ് ലേലത്തിൽ സ്വന്തമാക്കിയത്