സഞ്ജുവിന് പറ്റിയ അബദ്ധം ഫയർഫോഴ്സ് വരെ ഓടിയെത്തി ; സംഭവം വെളിപ്പെടുത്തി യുസ്വേന്ദ്ര ചാഹൽ

ഐപിഎൽ 15-ാം പതിപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ നായകനായ ടീമിൽ, ഇതിനകം തന്നെ 24 വിക്കറ്റുകളുമായി ഇന്ത്യയുടെ വെറ്ററൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. സഞ്ജുവും ചാഹലും തമ്മിൽ വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്, അത് കൂടുതൽ വ്യക്തമാക്കുന്ന ഒരു രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ചാഹൽ.

അടുത്തിടെ, ചാഹൽ ഒരു അഭിമുഖത്തിൽ, സഞ്ജു സാംസണുമായുള്ള തന്റെ ബന്ധം വിശദീകരിക്കുന്നതിനിടയിൽ വെറ്ററൻ ലെഗ് സ്പിന്നർ 2016-ലെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ നടന്ന രസകരമായ ഒരു കഥ വിവരിച്ചു. സഞ്ജു എല്ലായ്‌പ്പോഴും നല്ല തമാശകൾ പറയുകയും ചെയ്യാറുമുള്ള വ്യക്തിയാണെന്ന് ചാഹൽ പറഞ്ഞു. 2016-ൽ ഓസ്‌ട്രേലിയയിൽ വെച്ച് സഞ്ജു പ്ലാസ്റ്റിക് കവർ അഴിക്കാതെ ഇലക്ട്രിക് സ്റ്റൗവിൽ മുട്ട പരീക്ഷിച്ച സംഭവമാണ് ചാഹൽ വെളിപ്പെടുത്തിയത്. സഞ്ജുവിന്റെ അബദ്ധത്തിന് പിന്നാലെ ഫയർ അലാം മുഴങ്ങിയതും, സഞ്ജു തെറ്റ് മനസ്സിലാക്കിയതെങ്ങനെയെന്നും ചാഹൽ വിശദീകരിച്ചു.

“2016-ൽ ഞങ്ങൾ (സഞ്ജുവിനൊപ്പം) ഓസ്‌ട്രേലിയയിലായിരുന്നപ്പോൾ, ഞങ്ങൾ ഒരേ അപ്പാർട്ട്‌മെന്റിൽ ആണ് താമസിച്ചിരുന്നത്. ഒരു ദിവസം സഞ്ജു ഒരു മുട്ട ഫ്രൈ ചെയ്യാൻ ഒരുങ്ങി. എന്നാൽ, ഫ്രൈയിംഗ് പാൻ എടുത്തപ്പോൾ പ്ലാസ്റ്റിക് കവർ അഴിക്കാൻ സഞ്ജു മറന്നു. അവൻ അത് ഇലക്ട്രിക് സ്റ്റൗവിൽ വെച്ച് മുട്ട ഒഴിച്ചു. അപ്പോൾ തന്നെ ഫയർ അലാറം മുഴങ്ങി, എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല, എല്ലാവരും ആശ്ചര്യപ്പെട്ടു. അഗ്‌നിശമന സേന എത്തി, എങ്ങനെയാണ് അലാറം അടിച്ചതെന്നായിരുന്നു എല്ലാവരുടെയും സംശയം,” ചാഹൽ പറയുന്നു.

“അപ്പോഴാണ് സഞ്ജു ഫ്രൈയിംഗ് പാനിന്റെ പ്ലാസ്റ്റിക് കവർ കത്തിച്ചതായി ഞങ്ങൾ മനസ്സിലാക്കുന്നത്. ഒടുവിൽ, അവൻ പിഴ അടയ്‌ക്കേണ്ടി വന്നതിൽ ഞങ്ങൾക്ക് വിഷമം തോന്നിയെങ്കിലും ഞങ്ങൾ എല്ലാവരും ചിരിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ച് അവൻ പോലും ചിരിച്ചു. സഞ്ജുവിനെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ ആദ്യം ഓർക്കുന്ന ഒരു നിമിഷമാണിത്,” ചാഹൽ ഒരു വീഡിയോ അഭിമുഖത്തിൽ ESPNcriinfo യോട് പറഞ്ഞു.

Rate this post