സഞ്ജു തന്നെ ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പർ;പ്രതീക്ഷ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം

ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ, പതിവ് പോലെ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്ന ആശങ്കയാണ് ഇപ്പോഴും ആരാധകർക്കുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു മൂന്ന് കളികളിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആയി കളിച്ചിരുന്നു.

എന്നാൽ, സമാനമായി സിംബാബ്‌വെ പര്യടനത്തിൽ അവസരം ലഭിക്കുന്നതിന് സഞ്ജുവിന് ചില തടസ്സങ്ങൾ മുന്നിലുണ്ട്. പ്രധാനമായും, പരിക്ക് മാറി കെഎൽ രാഹുൽ തിരിച്ചെത്തിയതിനാൽ, അദ്ദേഹം ഓപ്പണറുടെ റോൾ കൈകാര്യം ചെയ്തേക്കും. സഹ ഓപ്പണർ ആയി വെറ്റെറൻ ബാറ്റർ ശിഖർ ധവാൻ ആയിരിക്കും ഇന്ത്യയുടെ ഓപ്പൺ ചെയ്യുക. എന്നാൽ, ഈ സാഹചര്യത്തിൽ ടീമിലെ മറ്റു ഓപ്പണർമാരായ ശുഭമാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവർക്ക് ഏത് റോൾ നൽകും എന്ന കാര്യമാണ് ഇപ്പോൾ സംശയമായി നിൽക്കുന്നത്.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഫോം കണക്കിലെടുത്ത്, ഗില്ലിന് ടീമിൽ അവസരം നൽകാൻ തീരുമാനിച്ചാൽ, ഗിൽ മൂന്നാമനായി ക്രീസിൽ എത്തിയേക്കും. പിന്നീട്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരിൽ ഒരാളെ വിക്കറ്റ് കീപ്പറുടെ റോളിൽ കളിപ്പിക്കാനായിരിക്കും ഇന്ത്യൻ ടീം തീരുമാനമെടുക്കുക. എന്നാൽ, സഞ്ജു സാംസൺ ആയിരിക്കും ടീമിൽ ഇടം പിടിക്കുക എന്ന് ഉറപ്പിച്ചു പറയുകയാണ് മുൻ ഇന്ത്യൻ താരം മനീന്ദർ സിംഗ്.

“സഞ്ജു സാംസൺ വളരെ മികച്ച കളിക്കാരനാണ്. അവൻ ഗ്രീസിൽ ഉള്ളപ്പോൾ ഞാൻ അവനെ മാത്രമാണ് നോക്കിയിരിക്കാറുള്ളത്. തീർച്ചയായും, അവനെ ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. അവന്റെ ബാറ്റിംഗ് ശൈലി വളരെ മികച്ചതാണ്, അതുകൊണ്ട് തന്നെ സിംബാബ്‌വെ പര്യടനത്തിലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” മനീന്ദർ സിംഗ് പറഞ്ഞു.