സഞ്ജുവിനെ അഭിനന്ദനങ്ങൾക്കൊണ്ട് മൂടി കുമാർ സംഗക്കാര ; മസിൽ ഉയർത്തി അഭിനന്ദനം ഏറ്റുവാങ്ങി സഞ്ജു

വെള്ളിയാഴ്ച്ച (ഏപ്രിൽ 22) നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിന് പരാജയപ്പെടുത്തിയ രാജസ്ഥാൻ റോയൽസ്‌ ടീമിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടർ കുമാർ സംഗക്കാര. മത്സരശേഷം നടന്ന ടീം മീറ്റിംഗിലാണ് കളിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓരോ താരങ്ങളെയും പേരെടുത്ത് പരാമർശിച്ച് സംഗക്കാര അഭിനന്ദിച്ചത്.

ഡിസി ഇത്രത്തോളം അടുത്തെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും, എന്നിരുന്നാലും മികച്ച കളിയാണ് ഒരു ടീം എന്ന നിലയിൽ നമ്മൾ പുറത്തെടുത്തതെന്നും ടീം മീറ്റിംഗിൽ കളിക്കാരോട് സംഗക്കാര പറഞ്ഞു. ശേഷം, കളിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓരോരുത്തരെയും താൻ പേരെടുത്ത് പറയാം എന്ന് പറഞ്ഞുകൊണ്ട്, കളിയിൽ മികച്ച സ്പെൽ എറിഞ്ഞ പ്രസിദ് കൃഷ്ണയെ സംഗക്കാര അഭിനന്ദിച്ചു. 4 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പടെ 22 റൺസ് വഴങ്ങി 3 വിക്കറ്റ് ആണ് പ്രസിദ് വീഴ്ത്തിയത്.

ശേഷം, ഷാർദുൽ താക്കൂറിനെ പ്രഷർ സിറ്റുവേഷനിൽ റൺഔട്ട് ആക്കിയതിന് റയാൻ പരാഗിനെ അഭിനന്ദിച്ച സംഗക്കാര, കളിയിൽ സെഞ്ച്വറി നേടി ടീമിനെ ഉയർന്ന ടോട്ടലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ജോസ് ബറ്റ്ലറെയും അഭിനന്ദിച്ചു. ശേഷം, അർധസെഞ്ച്വറി നേടിയ ദേവ്ദത് പടിക്കലിന്റെ പ്രകടനത്തേയും സംഗക്കാര പരാമർശിച്ചു.

ശേഷം, നായകൻ സഞ്ജു സാംസണിന്റെ പ്രകടനത്തെ സംഗക്കാര അഭിനന്ദിച്ചു. 19 പന്തിൽ 46 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം ടീം ടോട്ടൽ അതിവേഗം ഉയർത്താൻ സഹായകരമായി എന്ന് പറഞ്ഞ സംഗക്കാര, ഇതാണ് യഥാർത്ഥ സഞ്ജു എന്നും പറഞ്ഞു. സംഗക്കാരയുടെ അഭിനന്ദനത്തെ തന്റെ മസിൽ ഉയർത്തികാണിച്ചാണ് സഞ്ജു സ്വീകരിച്ചത്. സഞ്ജുവിന്റെ പ്രവർത്തിക്കണ്ട ബറ്റ്ലർ ഉൾപ്പടെയുള്ള സഹതാരങ്ങൾ ചിരിക്കുകയും കയ്യടിക്കുകയും ചെയ്തു