2008 ഐപിഎല്ലിലും കണ്ടു ദേ ഇന്നും😱😱 കളിക്കാൻ എത്തി വിക്കറ്റും വീഴ്ത്തി 2008 ലോകകപ്പിലെ ഗോൾഡൻ ബോയ് ; വർഷങ്ങൾക്കിപ്പുറം ഗുജറാത്ത്‌ ടൈറ്റൻസിന് വേണ്ടി ഐപിഎൽ അരങ്ങേറ്റം

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ – ഗുജറാത് ടൈറ്റൻസ് മത്സരത്തിൽ, ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ തന്നെ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ആർസിബി ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസിസിനെ ഡക്കിന് പുറത്താക്കി, സീസണിൽ ഗുജറാത്ത്‌ ടൈറ്റൻസിന് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്ന ഫാസ്റ്റ് ബൗളർ പ്രദീപ്‌ സാങ്‌വാൻ ആർസിബിയെ ഞെട്ടിച്ചു.

വിരാട് കോഹ്‌ലി നയിച്ച 2008ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് പ്രദീപ് സാങ്‌വാൻ. ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സാങ്‌വാൻ നേടിയ അഞ്ച് വിക്കറ്റ് നേട്ടം, അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ, 2008 ഐപിഎൽ സീസണിൽ ഡൽഹി പേസറെ ഡൽഹി ആസ്ഥാനമായ ഡൽഹി ഡെയർഡെവിൾസ് തന്നെ സ്വന്തമാക്കി.

തുടർന്ന്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (2012-2013), ഗുജറാത്ത് ലയൺസ് (2016-2017), മുംബൈ ഇന്ത്യൻസ് (2018) എന്നിവയെ പ്രതിനിധീകരിച്ചിട്ടുള്ള സാങ്‌വാൻ, നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഈ വർഷം ആദ്യം ബെംഗളൂരുവിൽ നടന്ന മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ്, അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സാങ്‌വാനെ സ്വന്തമാക്കിയത്.

ഐപിഎൽ ചരിത്രത്തിൽ, എട്ട് സീസണുകളിലായി 39 ഐപിഎൽ മത്സരങ്ങളിൽ നിന്ന്, സാങ്‌വാൻ 33.57 ശരാശരിയിൽ 8.79 ഇക്കോണമി നിരക്കിൽ 35 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇപ്പോൾ പുരോഗമിക്കുന്ന മത്സരത്തിലേക്ക് വന്നാൽ, 4 ഓവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ സാങ്‌വാൻ മികച്ച സ്പെൽ ആണ് കാഴ്ച്ചവെച്ചത്. ഡ്യൂപ്ലസിസിന് പുറമെ, അർധസെഞ്ച്വറി നേടിയ രജത് പടിതറിനെയാണ് (52) സാങ്‌വാൻ പുറത്താക്കിയത്.