ഹാപ്പി ഡബിൾ ഹാപ്പി ബ്ലാസ്റ്റേഴ്‌സ് :പരിശീലനം വീണ്ടും ആരംഭിച്ച് സഹൽ :ഫൈനൽ കളിക്കുമോ സസ്പെൻസ് ബാക്കി

2021-22 ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. എട്ട് സീസണുകളിലായി മഞ്ഞപ്പട തങ്ങളുടെ മൂന്നാം ഫൈനൽ കളിക്കാനിറങ്ങന്നത്. ആദ്യ കിരീടത്തിനായാണ് ഇരു ടീമുകളും മത്സരിക്കുന്നത്. നാളത്തെ മത്സരത്തിനായി മുൻപുള്ള വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോചിൽ നിന്നും അത്ര നല്ല വാർത്തകൾ ആയിരുന്നില്ല ആരാധകർക്ക് മുന്നിലെത്തിയത്.

പരിക്ക് മൂലം പ്ലെ മേക്കർ അഡ്രിയാൻ ലൂണ ഫൈനൽ കളിക്കില്ല എന്ന മോശം വാർത്തയാണ് എത്തിയത് . എന്നാൽ പരിക്ക് മൂലം ജ്മാഷെഡ്പൂരിനെതിരെയുള്ള രണ്ടാം പാദ സെമി നഷ്ടമായ സഹൽ പരിശീലനം പുനരാരംഭിച്ചു എന്ന് ഇവാൻ പറഞ്ഞു‌.ഇന്ന് വൈകിട്ട് ടീമിനൊപ്പം താരം പരിശീലനം നടത്തും എന്നും കോച്ച് പറഞ്ഞു. ഹാംസ്ട്രിങ് ഇഞ്ച്വറി ആയത് കൊണ്ട് തന്നെ ഞായറാഴ്ചക്ക് മുമ്പ് തിരികെയെത്തുക സഹലിന് എളുപ്പമാകില്ല എന്ന് സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഇന്നലെ പറഞ്ഞിരുന്നു.

സഹലിന്റെ അഭാവം വലുതായിരിക്കും എന്നും ഇഷ്ഫാഖ് പറഞ്ഞിരുന്നു.തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണിലൂടെയാണ് സഹൽ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ജാംഷെഡ്പൂരിനെ തിരെയുള്ള സെമിയിലെ ഗോളുൾപ്പെടെ ആറു ഗോളുകൾ താരം നേടിയിട്ടുണ്ട്.

സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. അതേസമയം, ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജഴ്‌സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ ജഴ്‌സി ധരിക്കാം.

ചില മിന്നുന്ന പ്രകടനങ്ങളുടെ പിൻബലത്തിൽ ഈ സീസണിന്റെ ഫൈനലിൽ എത്തിയ ഹൈദരാബാദിനും കേരളത്തിനും ഓർമ്മിക്കേണ്ട ഒരു സീസണാണ്. 38 പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 34 പോയിന്റുമായി കേരളം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റേഡിയത്തിൽ ആരാധകർ എത്തുന്നത് ഇരു ടീമുകൾക്കും കൂടുതൽ ആത്മവിശ്വാസം നൽകും.